ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..
(മർഖബ് ടവർ)
പെരുന്നാൾ അവധിയിലെ അവസാന ദിനങ്ങളൊന്നിൽ എന്തു ചെയ്യും എന്ന ചിന്തയാണു വല്ല ട്രിപ്പുമാവാം എന്ന തീരുമാനത്തിലെത്തിച്ചത്. ഒരു ദിവസം കൊണ്ടു പോയി കാണാൻ പറ്റിയ സ്ഥലങ്ങളെ കുറിച്ചുള്ള ആലോചനകൾ നാട്ടുകാരൻ കൂടിയായ നൗഫൽക്കയുടെ വെബ്സൈറ്റിലെത്തിച്ചു(ഇവിടെ ക്ലിക്കു ചെയ്താൽ അദ്ദേഹത്തിന്റെ www.splendidarabia.com എന്ന വെബ്സൈറ്റിലെത്താം .). അങ്ങനെയാണു ചരിത്രപരമായ പ്രത്യേകകളുള്ള റഗ്ബയിലേക്കാവാമെന്ന് തീരുമാനിച്ചത്.
റിയാദിൽ നിന്നും 120 കിലോമീറ്ററോളമൂണ്ട് ഇവിടേക്ക്. ഞങ്ങൾ അഞ്ചു വണ്ടികളിലായി കുറേ പേരുണ്ട്.അധികം ദൂരമൊന്നുമില്ലെങ്കിലും മലകൾക്കിടെയിലൂടെയും താഴ്വരയിലൂടെയുമൊക്കെയുള്ള യാത്ര ഒരു ദൂരയാത്രയുടെ പ്രതീതിയുണ്ടാക്കി. യാത്ര തുടങ്ങി അധികം വൈകാതെ തന്നെ അവിടെയെത്തി. ഭക്ഷണമൊക്കെ വാങ്ങിയാണു വന്നത് എന്നതിനാൽ ആദ്യം തന്നെ ഭക്ഷണം കഴിക്കാനൊരുങ്ങി. നല്ല കാലാവസ്ഥയാണു. തണുപ്പു തുടങ്ങിയിട്ടില്ലാത്തതിനാൽ ചൂടും തണുപ്പുമില്ല. അവിടെ ഒരു മരത്തണലിലിരുന്ന് ഭക്ഷണം.
ശേഷം കാഴ്ചകളിലേക്ക്...
പഴയ കാലത്തെ വീടുകളിലേക്കാണു ആദ്യം പോയത്. ഇവിടെ മഴ അധികം ലഭിക്കുന്ന സ്ഥലമായതിനാൽ വളരെ കൃഷി നടന്നിരുന്ന സ്ഥലമാണത്രെ.ഇങ്ങോട്ടുള്ള യാത്രക്കിടയിൽ പലയിടങ്ങളിലും വശങ്ങളിൽ പല ഫാമുകളും കണ്ടിരുന്നു. അധികം മഴ പെയ്യുന്നതിനാൽ തന്നെ പഴയ കെട്ടിടങ്ങളൊക്കെ മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതൽ തകർന്നിട്ടുണ്ട്.
ആദ്യം കയറിയ വീട്ടിൽ തന്നെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ ഒരു കിണർ, അതും വെള്ളമുള്ളത്! സൗദിയിൽ പഴയകാലത്തു ഉപയോഗിച്ചിരുന്ന കിണർ ചില ഫാമുകളിൽ കണ്ടിട്ടുണ്ട്. പക്ഷെ അതിലൊന്നും ഇപ്പോ വെള്ളം കാണില്ലെന്നു മാത്രമല്ല, വളരെ ആഴമുള്ളവയുമായിരിക്കും. ഇതു വളരെ ആഴം കുറഞ്ഞ നാട്ടിലെ കിണർ പോലെയുള്ളവ. അതു കഴിഞ്ഞു അടുത്ത കെട്ടിടത്തിലും ഇതു പോലെ മറ്റൊരു കിണർ. മണ്ണും കല്ലുമുപയോഗിച്ചുണ്ടാക്കിയ ഇത്തരം പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽകൂടി നടന്നപ്പോൾ കുറച്ചു സമയം കൊണ്ടു തന്നെ ഇതുപോലുള്ള നാലു കിണറുകൾ ഞങ്ങൾ കണ്ടു
(കിണറുകളിൽ പലതും ഇതുപോലെ നശിക്കാതെ കിടക്കുന്നു..)
(കിണറിലേക്കൊരു എത്തിനോട്ടം)
ഇതുപോലെ ഇഷ്ടമ്പോലെ ചെറിയ വീടൂകൾ അപ്പുറത്തുമിപ്പുറത്തുമായി കാണാനുണ്ട്. പിന്നെ ഞങ്ങൾ പോയത് അവിടെയുള്ള കോട്ടക്കുള്ളിലെ കാഴ്ചകളിലേക്കാണ്.
ചരിത്രപരമായി 1669- ൽ സ്ഥാപിതമായ റഗ്ബക്ക് പ്രത്യേകതകളുണ്ട്.നജ്ദിൽ ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ "the call for returning to the basics of Islam" എന്ന പ്രസ്ഥാനത്തെ പിന്തുണക്കാനുള്ള ഇമാം മുഹമ്മെദ് ഇബ്നു സൗദിന്റെ പ്രഖ്യാപനമാണു ഇവിടെയുള്ള ചരിത്രപരമായ പ്രധാന സംഭവവികാസങ്ങൾക്കെല്ലാം കാരണമായതത്രെ. ഈ പ്രസ്ഥാനത്തെ റഗ്ബായിലെ ജനങ്ങൾ പിന്തുണച്ചു, അന്ധവിശ്വാസത്തിലും അനിസ്ലാമികമായ കാര്യങ്ങളുമായ കഴിഞ്ഞിരുന്നവരായിരുന്നു നജ്ദിലെ ജനങ്ങളിൽ മുഖ്യ പങ്കും. 1971-ൽ സദർ , അൽ വശം അൽ സുഫാരി എന്നീ ഭാഗങ്ങളിലുള്ളവർ റഗ്ബയിലുള്ളവരെ ഉപരോധിക്കുകയും അവരിൽ നിന്ന് വിലപ്പിടിപ്പുള്ള സാധങ്ങളും മറ്റും കൈവശപ്പെടുത്തുകയും ചെയ്തു. കുടെയുള്ളവരിൽ ചിലരും ഒറ്റിക്കൊടുത്തെങ്കിലും ദൈവാനുഗ്രഹത്താൽ മാത്രം രക്തച്ചൊരിച്ചിൽ നിന്നും അവർ രക്ഷപ്പെട്ടു.
ഇബ്രാഹിം പാഷയുടെ നേതൃത്വത്തിൽ നടന്ന തുർക്കികളുടെ നജ്ദ് ആക്രമണത്തിലാണു (Invasion of Nejd) റഗ്ബയിലെ കോട്ടകൾ തകർന്നതത്രെ.
(അതി മനോഹരമായി മണ്ണും കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടങ്ങൾ)
അൽതാലീ മസ്ജിദ്. മനോഹരമായ മറ്റൊരു നിർമ്മിതി.
(മസ്ജിദിനു മുകളിലേക്ക് കോണിപ്പടിയും ഏറ്റവും മുകളിലേക്ക് കയറാൻ spiral staircase ഉം ഉണ്ട്)
(പള്ളിയുടെ താഴെനിന്നും ഒരു ഫോട്ടോ..)
(ഒരു മുറിക്കുള്ളിലെ അലങ്കാരങ്ങൾ)
പള്ളിയുടെ താഴെയായി ഭൂമിക്കടിൽ ഒരു പ്രാർത്ഥനാ ഹാൾ വേറെയുമുണ്ട്.
ഇവിടെയുള്ള കാഴ്ചകളിൽ ഏറ്റവും രസകരമായത് മർഖബ് ടവർ എന്നറിയപ്പെടുന്ന നിരീക്ഷണ ഗോപുരമാണ്. 22 മീറ്ററോളം ഉയരമുള്ള , മറ്റു കെട്ടിടങ്ങളെ പോലെതന്നെ മണ്ണും കല്ലുമുപയോഗിച്ചുണ്ടാക്കിയ ടവറിന്റെ ഉള്ളിലൂടെ മുകൾ ഭാഗം വരെ കയറാം. ആറു ഭാഗങ്ങളായിട്ടാണു ടവർ നിർമ്മിച്ചതെന്നു കാണാം. മുകളിൽ ഒരു മീറ്ററിൽ താഴെ മാത്രമെ വ്യാസമുള്ളൂ. 2 പേർക്ക് കഷ്ടിച്ചു നിൽക്കാനുള്ള സ്ഥലമേ മുകളിലുള്ളൂ. മുകളിലേക്കുള്ള കയറ്റവും അവിടെ നിന്നുള്ള കാഴ്ചയും ആവേശകരമാണു. മുകളിൽ നിൽക്കുമ്പോൾ കാറ്റിനാൽ ടവർ മെല്ലെ ആടുന്നുണ്ടോ എന്നു തോന്നും.
കുറേ പേർ ടവറിനു മുകളിൽ കയറിയപ്പോഴെക്കും രാത്രിയായിക്കഴിഞ്ഞു. വിശാലമായി കിടക്കുന്ന ഇവിടം മുഴുവനായി കാണാൻ കുറേ സമയവും ഒരു ഫോർ വീൽ വണ്ടിയും വേണമെന്നാണു നൗഫൽക്കയിൽ നിന്നും അറിഞ്ഞത്. പറ്റുമെങ്കിൽ ഒരിക്കൽകൂടിയാകാമെന്ന ആഗ്രഹവുമായി മടക്കം......
പെരുന്നാൾ ദിവസം രാവിലെ 10.30നു തന്നെ ഞങ്ങൾ യാത്ര തുടങ്ങി. കാരണം അൽ-ഖസീം , മദീന വഴി തബൂക്കിലേ ക്ക് 4 ദിവസം കൊണ്ടു 4300 റോളം km ദൂരം താണ്ടേതതുണ്ട്.
(യാത്രക്കാർ : ഷാഹുൽ ഹമീദ്, നിസാം പട്ടേൽതാഴം, അഷ് റഫ് എടവണ്ണ, ബദറുദ്ദീൻ പുളിക്കൽ, ഇസ്മായിൽ കരിയാട്, റസാക്ക് മദനി, ഫയാസ്, ബഷീർ ഒളവണ്ണ,സൈഫുദ്ദീൻ പുതുശ്ശേരി, ഷംനാദ് അരീക്കോട് ,ഫഹദ് തയ്യിൽ, ജലാലുദ്ദീൻ, ഷിജു കൊല്ലം, സലിം മൗലവി, മുഹമ്മെദ്ക്ക പാലത്ത് , താഹാ ഷരീഫ്, , ഷംസു മദനി, ബാവക്ക , ഉബൈദുള്ള, ബഷീർ)
മിനി ബസ്സിൽ 22 പേർ, ദീർഘയാത്രയിൽ പാട്ടുകളും ക്വിസ്സുകളും മറ്റു ചില നർമ്മ പരിപാടികളുമായി പലപ്പോഴും സമയം പോയത് അറിഞ്ഞില്ല. രാവിലെ തുടങ്ങിയ യാത്ര അവസാനിച്ചത് രാത്രി 8 മണിക്ക് മദീനയിൽ. ആദ്യം റൂമിലേക്ക് ലഗ്ഗേജുകളൊക്കെ മാറ്റി അല്പ നേരം കൊണ്ട് എല്ലാവരും ആദ്യ കാഴ്ചകൾ കാണാൻ റെഡിയായി. ആദ്യം പ്രസിദ്ധമായ മദീന പള്ളിയിലേക്ക്.
എ.ഡി 622 ൽ മുഹമ്മദ് നബി നിർമിച്ച ഈ മസ്ജിദ് പലപ്രാവശ്യം പുതിക്കി പണിതിട്ടുണ്ട്. ഇസ്ലാം മത വിശ്വാസപ്രകാരം സന്ദർശിക്കൽ പുണ്യകരമായ മൂന്നു പള്ളികളിൽ രണ്ടാം സ്ഥാനമാണു മദീനയിലെ "മസ്ജിദുന്നബവി"ക്ക്. പ്രവാചകന്റെ വീടും അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലവും പള്ളി വിപുലീകരണത്തിൽ അതിന്റെ ഉൾഭാഗത്തായി. പ്രവാചകനെ കൂടാതെ മറ്റു ഭരണാധികാരികളുടെ ഖബറും പള്ളിക്കകത്തുണ്ട്. പ്രവാചകന്റെ അന്ത്യവിശ്രമ സ്ഥലവും അദ്ദേഹം പ്രസംഗിച്ചിരുന്ന പ്രസംഗപീഠവും ഒക്കെ കണ്ടു കുറച്ചു സമയം പ്രാർത്ഥനയിലുമൊക്കെയായിസമയം ചിലവഴിച്ചു
ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കാനായി അൽ-ബേക്ക് റെസ്റ്റോറെന്റിലേക്ക് നടന്നു. ചിക്കൻ ബ്രോസ്റ്റടിനു പ്രശസ്തമായ അൽബേക്കിൽ ഭയങ്കര തിരക്കാണു. ജിദ്ദയിലും മക്കയിലും മദീനയിലും അവരുടെ ഭക്ഷണ ശാലകളുണ്ട്. പക്ഷെ റിയാദുകാരായ ഞങ്ങളിൽ പലർക്കും ഇതു മുമ്പു കഴിക്കാൻ സാധിച്ചിട്ടില്ല.ഷോപ്പിനുള്ളിൽ സോമാലിയയിൽ ഭക്ഷണത്തിനു തിരക്കു കൂടുന്ന പോലെ തിരക്കാണത്രെ. ഞങ്ങൾ പാർസൽ വാങ്ങി പുറത്തു വെച്ച് കഴിച്ചു. ആളുകൾ തിരക്കുകൂട്ടുന്നത് വെറുതെയല്ലെന്ന് ഇതിന്റെ രുചിയറിഞ്ഞപ്പോൾ മനസ്സിലായി.
( ഭക്ഷണത്തിനായുള്ള കാത്തിരിപ്പ്...... )
ഇനി രാവിലെ വരെ വിശ്രമത്തിനുള്ള സമയമാണു.
മദീനയിൽ നിന്നും ആദ്യം ഞങ്ങൾ പോയത് അൽ-ബൈദാ അല്ലെങ്കിൽ അൽ-ഖലീൽ എന്നറിയപ്പെടുന്ന കാന്തിക കുന്നിലേക്കാ ണ് .
ഉഹ്ദ് മലയുടെ ഭാഗത്തുകൂടിയാണു അങ്ങോട്ടുള്ള വഴി.
(ഉഹ്ദ് മല)
ഇവിടെയുള്ള പ്രത്യേകത, ന്യൂട്രൽ ഗിയറിലുള്ള വണ്ടികൾ ഒരു ഭാഗത്തേക്ക് അത്യാവശ്യം സ്പീഡിൽ തന്നെ പോകുമത്രെ!ഇന്റർനെറ്റിലും പത്രങ്ങളിലും ഇതിനെ കുറിച്ച് കണ്ടിട്ടുള്ളതിനാൽ ഇതു നേരിട്ടു കാണാനും ഒന്നു പരീക്ഷിക്കാനുമായി എല്ലാവരും തയ്യാറായിരുന്നു. മദീനയിൽ നിന്നും 30-35 കിലോമീറ്റർ മാത്രമേ അൽ-ബൈദാ എന്ന ഈ സ്ഥലത്തേക്കുള്ളൂ.
(യാത്ര ഏറ്റവും രസകരമാക്കിയവർ, ഷിബുവും ബദറുവും)
അവിടെ ഒരിടത്ത് വണ്ടി നിർത്തി . ബ്രേക്ക് വിടുമ്പോൾ തന്നെ വണ്ടി ബാക്കിലേക്ക് പോകാൻ തുടങ്ങുന്നു! വേറെയും കുറേ വണ്ടികളിവിടെ ഇതു കാണാനും അറിയാനുമായി വന്നിട്ടുണ്ട്. ഒരിടത്ത് ഒരു ചെറിയ കയറ്റത്തിൽ വണ്ടി നിർത്തി ഒന്നു പരീക്ഷിച്ചു. മുഴുവൻ ആളുകളുമായി ബസ് മെല്ലെ കയറ്റം കയറിത്തുടങ്ങി!! വളരെ അത്ഭുതകരവും രസകരവുമായിരുന്നു ഈ അനുഭവം. ഇതിന്റെ കാരണം ഇപ്പോഴും നിഗൂഡമാണെന്നാണു അറിയാൻ കഴിഞ്ഞത്.
ഇനി ഖൈബർ കോട്ടയിലേക്ക്. മദീനയിൽ നിന്നും ഏകദേശം 150 KM ദൂരം.
ഖൈബർ അടുക്കുന്തോറും മരുഭൂമിയിൽ കുറച്ചു ചെടികളും മരങ്ങളുമൊക്കെ കാണാനുണ്ട്. പണ്ടു കാലത്ത് കൃഷിയിൽ വളരെ മുന്നിൽ നിന്ന ഒരു മരുപ്പച്ചയായിരുന്നത്രെ ഖൈബർ. ഖൈബർ യുദ്ദം നടന്ന കോട്ടയും പഴയ കാലത്തെ മറ്റു ചില കെട്ടിടങ്ങളുമൊക്കെ കണ്ടു. കുറച്ചു സമയം കാഴ്ചകൾ കണ്ടും ഫോട്ടോയെടുത്തും സമയം ചിലവഴിച്ചു.
മദായിൻ സ്വാലിഹ് അല്ലെങ്കിൽ അൽ-ഹിജ്ർ എന്നറിയപ്പെടുന്ന സ്ഥലത്തേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. മദീനയിൽ നിന്നും 400 കിലോമീറ്ററും അൽഉലാ പട്ടണത്തിൽ നിന്നും ഏകദേശം 20 കിലോമീറ്ററും യാത്ര ചെയ്താൽ ഇവിടെയെത്താം.പക്ഷെ ഞങ്ങൾ ഖൈബർകൂടി കണ്ട ശേഷമാണു മദായിനു സ്വാലിഹിലേക്ക് പോകുന്നത്.
സാധാരണ പോലെ യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടിയിൽ പെട്ടന്നൊരു നിശ്ശബ്ദത ബാധിച്ച പോലെ. കുറേ ദൂരം കൂടി കഴിഞ്ഞപ്പോൾ A/C ഓഫ് ചെയ്തപ്പോഴാണു എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവർക്കും ബോധ്യമായത്. വണ്ടിയിൽ ഡീസൽ തീരാനായിരിക്കുന്നു. കഴിഞ്ഞ ഒരു മണിക്കൂറോളം ഒരു പമ്പു നോക്കിയുള്ള യാത്രയിലായിരുന്നത്രെ . കുറച്ചു സമയം A/C ഇല്ലാതെ യാത്ര ചെയ്തപ്പോൾ തന്നെ പുറത്തെ കാലാവസ്ഥയുടെ കാഠിന്യം ഞങ്ങൾക്കു മനസ്സിലായി. രണ്ടു ഭാഗത്തും മരുഭൂമിയാണു. ഇനി ഒരു 5 കിലോമീറ്ററൊക്കെ ഓടാനുള്ള ഇന്ധനമേ കാണൂ.ബാക്കി 50 കിലോമീറ്ററോളം ഓടാനുണ്ട്. ബഷീർക്കയും (ബഷീർ ഒളവണ്ണ ) റഷീദ്ക്ക (റഷീദ് വടക്കൻ )യുമൊക്കെ കുറേ സമയമായി ഇതിന്റെ ടെൻഷനിലായിരുന്നെന്ന് ഇപ്പോഴാണു ഞങ്ങൾ അറിയുന്നത്.അല്പം കൂടി ഓടിയപ്പോഴാണു മരുഭൂമിയിലൂടെ ഒരു പഴഞ്ചൻ ലോറി വരുന്നത് കണ്ടത്. പെട്ടന്നുതന്നെ വണ്ടി അതിനടുത്തേക്കിറക്കി. ഒരു സുഡാനിയാണു ഏതോ ഭാഗത്തേക്ക് വെള്ളം കൊണ്ടു പോകുന്ന ഈ ലോറിയുടെ ഡ്രൈവർ. അദ്ദേഹത്തിന്റെ നല്ല മനസ്സിനു നന്ദി.(അത്യാവശ്യ സമയത്ത് ഇയാളെ ഇവിടെ എത്തിച്ച ദൈവത്തിനും).
( ലോറിയിൽ നിന്നും ഡീസൽ ബസ്സിലേക്ക് മാറ്റാനുള്ള ശ്രമത്തിൽ.. )
പിന്നെ ലോറിയുടെ ഇന്ധന ടാങ്കിൽ നിന്നും ഞങ്ങളുടെ ബസ്സിലേക്ക് ഡീസൽ എടുക്കാനുള്ള ശ്രമമായിരുന്നു. കുറച്ചു സമയത്തെ കൂട്ടായ ശ്രമത്തിനു ശേഷം അടുത്ത പമ്പുവരെ എത്താനുള്ള ഡീസൽ കിട്ടി.അദ്ദേഹത്തോടു നന്ദി പറഞ്ഞു യാത്ര തുടർന്നു.
അൽ-ഉലാ പട്ടണത്തിൽ എത്തുമ്പോൾ തന്നെ പ്രത്യേക തരത്തിലുള്ള മനോഹരമായ മലകൾ കാണാം. ഇവിടേക്ക് പ്രവേശനത്തിനു പ്രത്യേകം അനുമതി വേണം. ഹമീദ് വലപ്പാട് (തൃശൂർ) വേണ്ട കാര്യങ്ങൾ ചെയ്തതിനാൽ ഞങ്ങൾക്ക് പ്രവേശനത്തിനു ബുദ്ദിമുട്ടേണ്ടി വന്നില്ല.


ഖുർ ആനിൽ പരാമർശിക്കപ്പെട്ടതും കലണ്ടറുകളിലും മറ്റും മനോഹരമായ ചിത്രങ്ങളായി കാണാറുള്ളതുമായ ഇവിടം ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. UNESCO യിൽ സൗദി അറേബ്യയിൽ നിന്നും ഇടം പിടിച്ച രണ്ടു സ്ഥലങ്ങളിൽ ഒന്ന് മദായിനു സ്വാലിഹ് ആണ്.
( മലതുരന്നുണ്ടാക്കിയ ഗുഹക്കുള്ളിലൂടെ മുകളിൽ കയറിയപ്പോൾ )
വളരെ പണ്ട് ,ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് ,അതിശക്തരും പാറതുരന്നു വീടുകളുണ്ടാക്കി ജീവിച്ചിരുന്നവരുമായ സമൂദ് ഗോത്രക്കാർ ജീവിച്ച സ്ഥലത്താണു നമ്മൾ.ഗുഹാമുഖങ്ങൾ മിനുസപ്പെടുത്തി പല രീതിയിലും ഭംഗിയാക്കിയിട്ടുണ്ട്.
(വാതിലുകൾ തൂണുകളുടെ രൂപവും മറ്റുമായി മനോഹരമാക്കിയിട്ടുണ്ട്)
(യാത്രയിലെ അമീർ ഇസ്മായിൽ കരിയാടും മറ്റുള്ളവരും ഗുഹക്കുള്ളിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു)
( കവാടങ്ങൾക്കു മുകളിൽ എല്ലായിടത്തും ഒരു പരുന്തിന്റെ രൂപം കാണാം. ഇതു അവരെ രക്ഷിക്കുമെന്നായിരുന്നത്രെ അവരുടെ വിശ്വാസം )
( ഉൾഭാഗത്തുനിന്നുമൊരു ഫോട്ടോ )
ഇവിടെ ശക്തരായ 9 സംഘങ്ങൾ ഉണ്ടായിരുന്നത്രെ. കൊള്ളയും മറ്റു കൊള്ളരുതായ്മകളുമായി അധാർമിക ജീവിതം നയിച്ച ഇവരിലേക്ക് ദൈവം സ്വാലിഹ് നബിയെ നിയോഗിച്ചു (മുഹമ്മദിനു (സ) മുൻപു ദൈവം നിയോഗിച്ച പ്രവാചകൻ)
അവർ അമാനുഷികമായ എന്തെങ്കിലും ഒന്നു സ്വാലിഹ് നബിയോട് ആവശ്യപ്പെടുകയും അതിനാൽ പരീക്ഷണമായി ദൈവം ഒരു അസാധാരണ ഒട്ടകത്തെ സൃഷ്ടിക്കുകയും അതിനെ ഉപദ്രവിക്കരുതെന്ന് കല്പിക്കുകയും ചെയ്തു. അവിടെ യുള്ള കിണറിലെ വെള്ളം ആഴ്ചയിൽ ഒരു ദിവസം ഈ ഒട്ടകത്തിനു നൽകണമെന്നും ബാക്കി ദിവസങ്ങൾ അവർക്കുപയോഗിക്കാമെന്നുമുള്ള കരാർ ലംഘിക്കുകയും അവർ അതിനെ കൊല്ലുകയും അങ്ങനെ ദൈവ ശിക്ഷയാൽ അക്രമികൾ മുഴുവനും കൊല്ലപ്പെടുകയും ചെയ്തു.
( പഴയ കാലത്ത് അവർ ഉപയോഗിച്ചിരുന്ന കിണർ )
ദൈവ ശാപം കിട്ടിയ സ്ഥലമായതിനാൽ ഇവിടെ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നതിനു ഇസ്ലാം മത വിശ്വാസപ്രകാരം വിരോധിച്ചിട്ടുണ്ട്.
(ഖുർആനിൽ ഇവരെ കുറിച്ചു പരാമർശിച്ചത് നോക്കു...
ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ സാലിഹിനെയും നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു നിങ്ങൾ ദൈവത്തെ ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് യാതൊരു ആരാധ്യനുമില്ല.അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിച്ച് വളർത്തുകയും ഭൂമിയിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക.തീർച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനുമാകുന്നു 11:61.
അവർ പർവ്വതങ്ങളിൽ പാറ വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിർഭരായി കഴിഞ്ഞു കൂടുകയായിരിന്നു 15:82.
താഴ്വരയിൽ പാറ വെട്ടിത്തുരന്ന് കെട്ടിടമുണ്ടാക്കിയ ഥമൂദ് ഗോത്രം 89:9.
അക്രമം പ്രവർത്തിച്ചവരെ ഘോര ശബ്ദം പിടികൂടി അങ്ങനെ പ്രഭാതത്തിൽ വീടുകളിൽ അവർ കമിഴ്ന്ന് വീണ അവസ്ഥയിലായിരിന്നു11:67.)
മദായിൻ സ്വാലിഹിലെ തന്നെ ഹിജാസ് റെയിൽ വേയിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. ഡമസ്കസിൽ (സിറിയ) നിന്നും മദീനയിലേക്കുള്ള ഹിജാസ് റെയില്വേ ഓട്ടോമൻ രാജാക്കന്മാരുടെ കാലത്താണു പണിതത്. 1908-ൽ ഒരു ജർമ്മൻ എഞ്ചിനീയറുടെ കീഴിൽ 5000 - രത്തോളം പേർ ജോലി ചെയ്താണു ഇതിന്റെ പണി പൂർത്തിയാക്കിയതത്രെ.
ഒന്നാം ലോകമഹായുദ്ധ കാലത്ത് പലവട്ടം തകർക്കപ്പെട്ട ഇവിടെ പിന്നെ പല ശ്രമങ്ങളുണ്ടായിട്ടും പുനസ്ഥാപിക്കാൻ കഴിഞ്ഞില്ല.
(ഹിജാസ് റെയിൽ വേയിൽ നിന്നുമുള്ള കാഴ്ചകൾ)
മടക്കത്തിൽ വഴിയിലൊരിടത്തുള്ള ഒരു ഫാമിൽ കയറി കുറച്ചു സമയം വിശ്രമിച്ചു ഒന്നു റിഫ്രഷ് ആയി.ഫാം ചെറുതാണെങ്കിലും ഫാമിലെ കാഴ്ചകൾ മനോഹരമായിരുന്നു.
( മുന്തിരി )
( ഓറഞ്ച് ...
ബഷീർക്ക ഏതു സമയത്തും തിരക്കിലാണ് , വണ്ടിയിലായിരിക്കുമ്പോൾ ഡ്രൈവിംഗും പുറത്താണെങ്കിൽ ഇതുപോലെയും)
(ഈത്തപ്പഴം)
( വിളവെടുപ്പ് കഴിഞ്ഞു കൂട്ടിയിട്ട സവാള )
(വാഴകൾ!!)
(ഫാമിൽ കുറച്ചു ആടുകളുമുണ്ട്)
സമയം വൈകിത്തുടങ്ങി. ഇനി അൽ- ഉലാ മ്യൂസിയം കൂടി ഇന്നത്തെ ലക്ഷ്യങ്ങളിൽ പെട്ടതാണു. അൽ-ഉലാ പട്ടണത്തിലെത്തിയപ്പോഴേക്കും പ്രാർത്ഥനാ സമയമായതിനാൽ മ്യൂസിയം അടച്ചിരിക്കുകയാണു. പിന്നെ പ്രാർത്ഥനയൊക്കെ കഴിഞ്ഞാണു ഞങ്ങൾ അങ്ങോട്ടു പോയത്.
ശിലായുഗം മുതൽ അറേബ്യൻ സംസ്കാരങ്ങളുടെ പഴയകാല അവശിഷ്ടങ്ങൾ ഇവിടെ കാണാം. പഴയ കാലത്തുപയോഗിച്ചിരുന്ന പാത്രങ്ങൾ, ലിപികൾ, മെഡിക്കൽ ഉപകരണങ്ങൾ, ആയുധങ്ങൾ......
(അൽ-ഉലാ മ്യൂസിയത്തിൽ നിന്നും)
രാത്രിയായിക്കഴിഞ്ഞു. ഇനി വീണ്ടും യാത്രയാണു, അടുത്ത ലക്ഷ്യത്തിലേക്ക്, തബൂക്കിലേക്ക് ..
( തബൂക്ക്, ഹഖൽ, ചെങ്കടൽ കാഴ്ചകൾ തുടരും.....
വയനാടിലേക്ക് പലപ്രാവശ്യവും പോയിട്ടുണ്ടെങ്കിലും അതലധികവും വയനാട്ടിലൂടെയുള്ള യാത്രകൾ മാത്രമായിരുന്നു. കാരണം ഞങ്ങൾക്ക് മൈസൂർ, ബാംഗ്ലൂർ എന്നിവടങ്ങളിലേക്കും ചിലപ്പോൾ ഊട്ടിയിലേക്കു പോകുമ്പോഴും വയനാട് വഴി തന്നെ പോകണം. അതു കാരണം വയനാട് അടുത്താണെങ്കിലും വയനാടൻ കാഴ്ചകൾ പലപ്പോഴും താമരശ്ശേരി ചുരവും മറ്റും മാത്രമായി ഒതുങ്ങുന്നു.
വയല്‍ നാട് ആണത്രെ ലോപിച്ചു വയനാടായത്.വളരെയധികം പ്രത്യേകതകളുള്ള വയനാടിൽ കാണാനായി പല സ്ഥലങ്ങളുമുണ്ട്… സൂചിപ്പാറ വെള്ളച്ചാട്ടം, എടക്കൽ ഗുഹ, പൂക്കോടുതടാകം, ….. പ്രധാനപ്പെട്ട രണ്ടു വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളായ
മുത്തങ്ങയും തോല്പെട്ടിയും വയനാട്ടിലാണു. ഞങ്ങളുടെ യാത്ര തോൽപ്പെട്ടിയിലേക്കും
കാരാപ്പുഴ ഡാമിലേക്കും കുറുവ ദ്വീപിലേക്കുമായിരുന്നു.
രാവിലെ തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. ഒരു വാനിലാണു യാത്ര. വയനാടു ചുരവും (താമരശ്ശേരി ചുരം) മറ്റു ചില കയറ്റങ്ങളും ദുർഘട റോഡുകളുമുള്ളതിനാൽ ദൂരം അധികമില്ലെങ്കിലും സമയം അധികമെടുക്കും.കുറേ സമയത്തെ യാത്രക്കു ശേഷം ഞങ്ങള്‍ ചുരത്തിനടുത്തെത്തി. പ്രഭാത ഭക്ഷണം അവിടെ നിന്നും കഴിച്ചു ഞങ്ങള്‍ ചുരം കയറിത്തുടങ്ങി. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ഈ മനോഹര മലമ്പാതക്ക് 12 കിലോമീറ്ററോളം നീളത്തില്‍ ഒമ്പതു ഹെയര്പിന്‍ വളവുകളുണ്ട്. സാവധാനത്തില്‍ കാഴ്ചകളും കണ്ടു വണ്ടി മുകളിലേക്ക് പോവുകയാണു. പലപ്പോഴും ഇറക്കമിറങ്ങിവരുന്ന വണ്ടികള്‍ മുകളിലേക്കുപോകുന്ന വണ്ടികള്‍ക്ക് പാതയൊരുക്കാന്‍ വേണ്ടി അരികിലേക്കു ചേർത്തു നിര്‍ത്തിയിരിക്കുന്നു. രണ്ടു ഭാഗത്തും മനോഹരമായ കാഴ്ചകള്‍, മുകളിലേക്കു പോകുംതോറും കാഴ്ചകളുടെ മാറ്റും തണുപ്പും കൂടിക്കൂടി വരുന്നു.ചുരത്തില്‍ ഒരിടത്തു വണ്ടി നിര്‍ത്തി, ഇവിടെയുള്ള കുരങ്ങുകള്‍ മനുഷ്യരുമായി നല്ല ഇണക്കത്തിലാണു. ഭക്ഷണത്തിനും മറ്റുമായി അവ നമ്മുടെ അടുത്തേക്കു വരും.ചുരത്തിനു മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്.


ചുരത്തിന്റെ മുകളിലെത്തുമ്പോള്‍ അവിടെ ഒരു ചെങ്ങല മരം കാണാം. മുമ്പു കാലത്തു ബ്രിട്ടീഷുകാര്‍ക്ക് ഈ വഴി കാണിച്ചു കൊടുത്ത കരിന്തണ്ടന്‍ എന്ന ആദിവാസിയുവാവിനെ അവര്‍ കൊന്നു കളഞ്ഞത്രെ. കരിന്തണ്ടന്റെ ആത്മാവ് പിന്നെ ഇതിലൂടെയുള്ള യാത്രക്കാരെ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നും ഒരു മന്ത്രവാദി അതിനെ തളച്ചു ഈ മരത്തില്‍ ചെങ്ങലക്കിട്ടതാണെന്നുമാണു വിശ്വാസം.
ചുരക്കാഴ്ചകള്‍ക്കു ശേഷം കുറുവാദ്വീപിലേക്കാണു അടുത്ത യാത്ര.950 ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ഒരു ഹരിത വനമാണു കുറുവാദ്വീപ്.ചെറിയ ചെറിയ വളരെയധികം ദീപുകള്‍ കൂടിയ ഒരു ദ്വീപസമൂഹം, കബനിപ്പുഴയുടെ സൗന്ദര്യം കൂടിയാകുമ്പോള്‍ ഇതു സന്ദര്‍ശകര്‍ക്ക് കണ്ടു മതിയാകാത്ത കാഴ്ചായായി മാറുന്നു. മാനന്തവാടിയില്‍ നിന്നും 20 കിലോമീറ്ററില്‍ താഴെ ദൂരം മാത്രം.
ടിക്കറ്റെടുത്ത് ഒരു ചെറിയ ബോട്ടില്‍ അവര്‍ നമ്മളെ കബനിപ്പുഴ കടത്തിതരും. നല്ല ഒഴുക്കുള്ള വെള്ളത്തിലൂടെ ലൈഫ് ജാക്കറ്റൊക്കെ ധരിച്ചുള്ള യാത്ര ആവേശകരം. നല്ല വേനല്‍ കാലത്താണെങ്കില്‍ പലയിടങ്ങളിലും നമ്മള്‍ക്ക് നടന്നു തന്നെ അടുത്ത ദ്വീപിലെത്താം.മനുഷ്യവാസമില്ലാത്ത ദ്വീപില്‍ സന്ദര്‍ശകരെയല്ലാതെ ഒന്നു രണ്ടു കുരങ്ങന്മാരെ മാത്രമാണു കണ്ടത്.
പുഴകടക്കാന്‍ ചിലയിടത്ത് ചെങ്ങാടവുമുണ്ട്. ഇടക്ക് മരം കൊണ്ടൂണ്ടാക്കിയ പാലങ്ങളും. നഗരത്തിരക്കില്‍ നിന്നും അകലെ ശാന്തമായ അന്തരീക്ഷത്തില്‍ സുന്ദരമായ കാഴ്ചകള്‍ കണ്ടും ഫോട്ടോകളെടുത്തും കുറേ സമയം.
(കുറുവാ ദ്വീപിൽ നിന്നും)
അടുത്ത ലക്ഷ്യം തോല്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രമാണു. നേരെ അടുത്ത ലക്ഷ്യത്തിലേക്ക്.
തോല്പെട്ടിയിൽ രാവിലെയും വൈകുന്നേരവുമാണൂ സന്ദർശന സമയം. ചെറിയ കാറുകളെയും അതുപോലുള്ള ചെറിയ വാഹനങ്ങളും അകത്തേക്ക് കടത്തിവിടില്ല. അവിടെ കാഴ്ചകൾ കാണിക്കാനായി ജീപ്പുകളും ഗൈഡുകളും ലഭ്യമാണു.
ഞങ്ങളും ഒരു ജീപ്പെടുത്താണു യാത്ര തുടർന്നത്. കാട്ടിലൂടെ രണ്ടു ഭാഗത്തെയും പലതരത്തിലുള്ള കാടുകൾ കണ്ടു കൊണ്ടാണു യാത്ര, ചിലയിടത്ത് വലിയ മരങ്ങളും പുൽമേടുകളുമൊക്കെയായിട്ടായിരിക്കും, ചിലയിടത്ത് വനത്തിനുള്ളിലേക്ക് അധികം കാണാൻ കഴിയാത്ത വിധത്തിൽ ചെടികളും വള്ളികളുമൊക്കെയായി നിബിഡവനം. യാത്രയിൽ പല മൃഗങ്ങളെയും കണ്ടു. മാനുകളെയും പലതരം കുരങ്ങുകളെയും, പക്ഷികളെയും, മലയണ്ണാനെയും ഒക്കെ, ചെടികൾക്കിടയിലൂടെയാണെങ്കിലും കുറച്ചു പേർക്ക് ആനയെയും കാണാൻ പറ്റി.ഇത്രയൊക്കെ കാഴ്ചകൾ കാണാൻ പറ്റിയതുതന്നെ ഭാഗ്യമാണെന്നാണു കേട്ടത്.
സമയം വൈകുന്നേരമായിക്കഴിഞ്ഞു. ഇനി പോകുന്ന വഴിയിൽ കാരാപ്പുഴ ഡാം കൂടി കണ്ടിട്ടു മടങ്ങണം. മടക്കത്തിൽ ഒരിടത്തു വണ്ടി നിർത്തി ഞങ്ങൾ കൊണ്ടുവന്നിരുന്ന ഭക്ഷണം ഒരു വനത്തിലിരുന്നു തന്നെ കഴിച്ചു, അടുത്തുള്ള അരുവിയിൽ നിന്നും കൈ കഴുകി കാട്ടിലെ വീണുകിടക്കുന്ന മരത്തിലും കല്ലുകളിലും മറ്റുമായിരുന്നു വിശാലമായ ഭക്ഷണത്തിനു ശേഷം അടുത്ത കാഴ്ചയിലേക്ക്.
കുറെ സമയത്തെ യാത്രക്കു ശേഷം ഡാമിലെത്തി, പക്ഷെ അപ്പോഴേക്കും നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. അതിലൂടെ ഒക്കെയൊന്നു കറങ്ങിയപ്പോഴേക്കും സമയം വളരെ ഇരുട്ടിക്കഴിഞ്ഞിരുന്നു. പിന്നെ മടക്കം.