ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

അബഹയും ജിസാനും ഫര്‍സാന്‍ ദ്വീപും... ഒരു പെരുന്നാള്‍ യാത്ര            പെരുന്നാള്‍ അവധിയായി. എനിക്കേഴു ദിവസം അവധിയുണ്ട്.നാട്ടിലെ പോലെ കുറേ ജന്മദിന,ചരമദിന, ഹര്‍ത്താല്‍ അവധികള്‍ ഇവിടെ ഇല്ലല്ലോ. അതുകൊണ്ട് പെരുന്നാള്‍ അവധികള്‍ ഇവിടെ എല്ലാവരും കാത്തിരിക്കുന്ന അവധിയാണ്.(പലരും ലീവെടുത്ത് നാട്ടില്‍ പോകുമെങ്കിലും).
               പെരുന്നാളിന് ഇപ്രാവശ്യം തീരുമാനിച്ചത് അബഹയിലേക്ക്.കടല്‍ നിരപ്പില്‍ നിന്നും 2,200 മീറ്റര്‍ (7,200 ft) ഉയരത്തിലായതിനാല്‍ സൗദിയിലെ തണുപ്പുള്ള ഏരിയയാണ് അബഹ.അതുകൊണ്ട് തന്നെ വളരെയധികം ആളുകളുടെ സന്ദര്‍ശന കേന്ദ്രമാണിവിടം.റിയാദില്‍ നിന്നും ഏകദേശം 1300 -ഓളം കിലോമീറ്റര്‍ ദൂരം(നാട്ടില്‍ നിന്നും ബാംഗ്ലൂരിലേക്ക് 370-ഓളം കിലോമീറ്റര്‍ ദൂരമുണ്ട്.അത്രദൂരം യാത്ര ചെയ്യാന്‍ ഏകദേശം ഒരു രാത്രി എടുക്കാറുണ്ട്.ഇവിടെ ഒരു രാത്രികൊണ്ട് 1300 km ആണു ഞങ്ങള്‍ക്ക് പോകേണ്ടത്!)
               പെരുന്നാള്‍ ദിവസം നാട്ടിലെ പോലെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കാനൊന്നുമില്ലാത്തതിനാല്‍ അന്നു വൈകുന്നേരം തന്നെ യാത്ര തുടങ്ങാം.വളരെയധികം യാത്രചെയ്യാനുണ്ട്.നാലു കാറുകളിലായി 15 പേരും പിന്നെ കുട്ടികളുമുണ്ട്. എല്ലാവരും കൂടി വൈകുന്നേരം  യാത്ര തിരിച്ചു.
(ഒരു ഗ്രൂപ്പ് ഫോട്ടോ
ഇരിക്കുന്നവര്‍: ശിഹാബ് അരീക്കോട്, ബഷീര്‍ ഒളവണ്ണ, സാജിദ് കൊച്ചി, അജ്‌ലാന്‍, റസാഖ് ഉദരംപൊയില്‍, ഫൈസല്‍, ഫാരിസ്
നില്‍ക്കുന്നവര്‍: മുഹമ്മദ്ക്ക പാലത്ത്, ഞാന്‍, ശബീര്‍ ആലുവ, റഹിം പന്നൂര്‍, ഫയാസ്, ഫഹദ്,  ഷബീര്‍ വയനാട്, ബിനീഫ്, ബഷീര്‍ എറണാകുളം)

              കുറേ ദൂരം യാത്രചെയ്യും, പിന്നെ വല്ല പെട്രോള്‍ പമ്പിലും നിര്‍ത്തി കുറച്ചു വിശ്രമിച്ച്, റിഫ്രെഷ് ആയി വീണ്ടും യാത്ര ചെയ്യും.അങ്ങനെ യാത്ര തുടര്‍ന്നു.സൗദിയിലെ മറ്റിടങ്ങളിലെ പോലെ റിയാദ് സിറ്റി കഴിഞ്ഞാല്‍ പിന്നെ കുറേ ദൂരം രണ്ടു ഭാഗത്തും മരുഭൂമി മാത്രം.ഒരിടത്ത് നിര്‍ത്തി ഭക്ഷണം കഴിച്ചു.വീണ്ടും മണിക്കൂറുകളോളം യാത്ര.. അങ്ങനെ രാവിലെ ഞങ്ങള്‍ ഖമ്മീസ്മുഷൈത്തിലെത്തി.
 (കമ്മിസ്മുശൈത്തിലെ മനോഹരിതയില്‍ നിന്നുമൊരു ദ്റ്ശ്യം)

         നല്ല തണുപ്പുള്ള കാലാവസ്ഥ.ഇവിടെ റഹിംക്കാന്റെ പരിചയക്കാരുണ്ട്. അവര്‍ ശരിയാക്കിതന്ന ഹോട്ടലില്‍ പോയി കുളിയും തേവാരവുമെല്ലാം കഴിച്ചു.
          ആദ്യം പോകാനുള്ളത് സുധ മലയിലേക്ക്(ജബല്‍ സൂധ) . സൗദിഅറേബ്യയിലെ ഏറ്റവും ഉയരമുള്ള മലയാണിത്(2,995 meters (10,848 feet)).വണ്ടി മലകയറി പോകുമ്പോള്‍ രണ്ടുഭാഗത്തുമുള്ള കാഴ്ചകള്‍ മനോഹരം. സൗദിയുടെ മഞ്ഞപ്പില്‍ നിന്നും പച്ചപ്പിലേക്ക്. മുകളിലേക്ക് പോകുംതോറും പച്ചപ്പ് കൂടിവരുന്നു.എല്ലാവരും കാലാവസ്ഥ ആസ്വദിക്കാന്‍ വേണ്ടി എസി ഓഫ് ചെയ്ത് ഗ്ലാസ് തുറന്നിട്ടാണ് പോകുന്നത്.
               മുകളിലെത്തി, ഇവിടെ നിന്നും താഴോട്ട് ചുരമിറങ്ങുന്ന വണ്ടികളെ കാണാം. വാഹനങ്ങള്‍ ചെറുതായി ചെറുതായി അവസാനം ഒരു ചെറിയ കുത്തുമാത്രമായി മാറുന്ന കാഴ്ച രസകരമാണ്

(സുധമലമുകളില്‍ താഴേക്ക് നോക്കുമ്പോള്‍)


(കൊച്ചു ചങ്ങാതിമാര്‍.. ഫാരിസും അജുവും)

    പിന്നെ ഞങ്ങള്‍ പോയത് അടുത്തതന്നെയുള്ള റോപ്-വേയിലേക്ക്, സൗദിയിലെ ഏറ്റവും നീളവും ഉയരമുള്ള റോപ് വേ ആണിത്.
(കേബിള്‍ കാറില്‍ നിന്നും താഴേക്ക്)
  
          കാബിള്‍ കാറില്‍ നിന്നുള്ള കാഴ്ചയും യാത്രയും നല്ലൊരു അനുഭവം തന്നെ.(ഒരാള്‍ക്ക് 60 റിയാലാണ് ടിക്കറ്റ്).മലമുകളില്‍ നിന്നും താഴേക്ക് ഏകദേശം മൂന്നു കിലോമിറ്ററിലധികം കേബിള്‍ കാറില്‍ യാത്രചെയ്താല്‍ താഴെയത്തും. പിന്നെ അവിടെയുള്ള പാര്‍ക്കിലിറങ്ങി കുറച്ചു സമയം.വീണ്ടും കേബിള്‍ കാറില്‍ തന്നെ മടക്കം.
(കേബിള്‍ കാറിനുള്ളില്‍ നിന്നുമൊരു ഫോട്ടോ)           സമയം ഉച്ചയായതേയുള്ളു. വൈകുന്നേരം പച്ചമല കാണാന്‍ വേണ്ടി പോകുന്നതുവരെ ഇഷ്ടമ്പോലെ സമയമുണ്ട്. എല്ലാവരും ഭക്ഷണം കഴിച്ച് കുറച്ചു വിശ്രമിച്ചു.


         സൗദിഅറേബ്യയില്‍ ഇതുപോലെ നട്ടുച്ചക്ക് വെളിയില്‍ കിടന്നുറങ്ങാന്‍ പറ്റുന്ന അധികം സ്ഥലങ്ങളുണ്ടെന്ന് തോന്നുന്നില്ല!
            അല്പനേരത്തെ വിശ്രമത്തിനു ശേഷം അവിടെ ഒന്നു ചുറ്റിക്കറങ്ങാന്‍ തീരുമാനിച്ചു. തനിയേ വളര്‍ന്നുണ്ടായ മരങ്ങളും ചെടികളുമാണ് ചുറ്റുപാടും. പലനാട്ടുകാര്‍ പലപലരീതിയില്‍ ഇതെല്ലാം ആസ്വദിക്കുന്നുണ്ട്. ഒരു സംഘം പാക്കിസ്ഥാനികള്‍ ഒരു പാത്രത്തില്‍ മുട്ടി പാട്ടും ഡാന്‍സുമൊക്കെയായി ബഹളമുണ്ടാക്കുന്നു, ചില അറബികളും ഫിലിപ്പൈനികളുമൊക്കെ കോഴിചുട്ടും മറ്റു ഭകഷണങ്ങളുണ്ടാക്കിയും മറ്റുഭാഗങ്ങളില്‍. രസകരമായത്, ഞങ്ങളെ കണ്ടപ്പോള്‍ മലയാളം പാട്ടു പാടിയ സൗദിചെക്കന്മാരായിരുന്നു.

                  ഈ യാത്രയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇവിടെയുളള കാലാവസ്ഥ തന്നെ. ഞങ്ങള്‍ ഇവിടെ എത്തിയതിനു ശേഷം മുഴുവന്‍ നല്ല തെളിഞ്ഞ വെയിലായിരുന്നു. പെട്ടന്നാണ് ഒരു ഭാഗത്തുനിന്നും കോടമഞ്ഞു വരുന്നത് കണ്ടത്. പെട്ടന്ന്തന്നെ അതു ഞങ്ങളുടെ കുറച്ചകലെ നില്‍ക്കുന്നവരെപോലും കാണാന്‍ പറ്റാത്ത വിധത്തില്‍ മൂടി. അല്പം കഴിഞ്ഞപ്പോള്‍ വന്നപോലെ തന്നെ പോവുകയും ചെയ്തു.(മലപോലെ വന്ന് മഞ്ഞുപോലെ പോവുക എന്നത് ഇതുതന്നെ!!). പിന്നെയും ഇതു പലപ്രാവശ്യം തുടര്‍ന്നു. ഇത്രവേഗം കോടവന്നു പോകുന്ന കാഴ്ച വളരെ കൗതുകകരവും ആനന്ദകരവുമായി.
(ചെമ്മരിയാടുകളും ആട്ടിടയനും)

ഇവിടെ കുറേസമയം ചിലവഴിച്ച ശേഷം അടുത്ത സ്ഥലത്തേക്കായി യാത്ര.യാത്രയില്‍ മിക്കപ്പോഴും ബഷീര്‍ ഒളവണ്ണയുടെ സുഹ്റ്ത്ത് ബന്ധങ്ങള്‍ വളരെയധികം സഹായകരമായി. പോകുന്ന വഴിയില്‍ ഒരു ചെറിയ ഡാം ഉണ്ട്
(ഡാമിന്റെ ദൂരക്കാഴ്ച)

            ഈ അല്‍-സുധ മലയില്‍ കാണപ്പെടുന്ന പ്രത്യേകതരം കള്ളിചെടിയില്‍ ഓറഞ്ച് കളറില്‍ Prickly Pear Cactus എന്ന പഴമുണ്ട്.ഡാമിലേക്ക് പോകുന്ന വഴിയില്‍ ഒരു കുന്നിന്റെ ഭാഗത്ത് അത്തരം പഴം കൂടെ വന്ന ഒരാള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു.
            ഇപ്പോള്‍ പച്ചമലയിലേക്കുള്ള യാത്രയിലാണ്. കുറേ പച്ച ലൈറ്റുകളാല്‍ അലങ്കരിച്ചിട്ടുള്ളതിനാലാണ് ഇതിനീ പേരുവന്നത്. മലയിലേക്ക് കുത്തനെയുള്ള കയറ്റമാണ്. (ഞങ്ങളുടെ വണ്ടികള്‍ക്ക് കുറച്ച് ബുദ്ധിമുട്ടേണ്ടിവന്നു മുകളിലെത്താന്‍).മുകളില്‍ ഹോട്ടലും റോപ്പ് വേയുമൊക്കെയുണ്ട്. അവിടെനിന്നും നഗരത്തിനെ രാത്രിക്കാഴ്ച വളരെ രസകരമാണ്( ഇതു പഴനിമലയിലെ നിന്നുള്ള കാഴ്ചയെ ഓര്‍മിപ്പിച്ചു)

 (പച്ചമലയില്‍ നിന്നുള്ള രാത്രിക്കാഴ്ച)


( ഹോട്ടലിനുള്ളീലെ പച്ചമലയുടെ മോഡല്‍ )                സമയം രാത്രിയായി, ഇനി കറക്കം നാളെ. എല്ലാവരും കൂടി റൂമിലേക്ക്.
രാവിലെ തന്നെ എല്ലാവരും റെഡിയായി, ഫര്‍സാന്‍ ദ്വീപിലേക്കാണ് ആദ്യ യാത്ര.ഇവിടെ (കമ്മീസ്മുശൈത്തില്‍) നിന്നും280 KM ഉണ്ട് ജിസാനിലേക്ക്. ജിസാനില്‍ നിന്നും 50 KM ഉണ്ട് ഫുര്‍സാന്‍ ദ്വീപിലേക്ക്
            യാത്രയില്‍ 35km-റോളം തുട്ര്‍ചയായ ചു രം ആണു.ചുരം ഇറങ്ങുമ്പോള്‍ തന്നെ തണുപ്പുള്ള കാലാവസ്ഥയില്‍ നിന്നും ഹുമിഡിറ്റി കൂടുതലുള്ള ജിസാനിലെ കാലാവസ്ഥയിലേക്കുള്ള മാറ്റം അറിയാം

   മലവെട്ടിയുണ്ടാക്കിയ റോഡിനിരുവശവും റോഡിലേക്കിടിഞ്ഞു വീഴാതിരിക്കാന്‍ വേണ്ടി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്,അല്ലാത്തിടിങ്ങളില്‍ ഇരുമ്പിന്റെ വലയിട്ട്തടയിട്ടിട്ടുണ്ട്. സാവധാനം ഗിയര്‍ ഡൗണ്‍ചെയ്ത് ചുരമിറങ്ങുമ്പോള്‍ സൈഡില്‍ ബബൂണ്‍ കുരങ്ങന്മാരെ കാണാം ഈ അസീര്‍ മലനിരയില്‍ മരങ്ങളില്ലാത്തിടങ്ങളില്‍ ഇഷ്ടമ്പോലെ കാണുന്ന ഇവ വണ്ടി നിര്‍ത്തിയാല്‍ ഭക്ഷണത്തിനുവേണ്ടി  കൂട്ടമായി വണ്ടിക്കടുത്തേക്ക് വരും .(വഴിയില്‍ കണ്ട കാഴ്ച, ഒട്ടകക്കൂട്ടത്തെ റോഡുമുറിച്ചു കടത്താന്‍ വേണ്ടി കാറു കുറുകെയിട്ടു റോഡു ബ്ലോക്കുചെയ്തിരിക്കുന്നു)


              ഉച്ചയായപ്പോഴേക്കും ജിസാനിലെത്തി.ചെങ്കടലിനടുത്തായതിനാല്‍ നല്ല കാറ്റുണ്ടെങ്കിലും തുടര്‍ച്ചയായി വിയര്‍ക്കുന്ന കാലാവസ്ഥ.ഇവിടെനിന്നും യമനിലേക്ക് ഏകദേശം 100 KM മാത്രമേയുള്ളു.യമന്‍ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇവിടെ വളരെയധികം യമനികളെആണാം.ഫര്‍സാന്‍ ദ്വീപിലേക്ക് ഇവിടെനിന്നും ഒരു മണിക്കൂര്‍ കപ്പല്‍ യാത്രയുണ്ട്. കപ്പല്‍ യാത്ര സൗജന്യമാണെങ്കിലും ദിവസത്തില്‍ ഒന്നുരണ്ടു പ്രാവശ്യംമാത്രമേ കപ്പല്‍ സര്‍വ്വീസുള്ളു. അല്ലെങ്കില്‍ ബോട്ടില്‍ യാത്രചെയ്യാം.കപ്പലില്‍ കയറാനുള്ള ടിക്കറ്റൊക്കെ എടുത്തു കപ്പലിലേക്ക് പോകാനുള്ള ബസ്സില്‍ ഞങ്ങള്‍ യാത്രതുടങ്ങി.വളരെ അടുത്താണെങ്കിലും സുരക്ഷാകാരണങ്ങളാല്‍ അവരുടെ ബസ്സില്പോകാന്‍ മാത്രമേ പറ്റുള്ളൂ.

(ബസ്സില്‍ കപ്പലിലേക്ക്)

     അങ്ങനെ ഞങ്ങള്‍ കപ്പലില്‍ കയറി.വണ്ടിയില്‍ തന്നെ പോകാന്‍ തയ്യാറുള്ളവര്‍ക്ക് സ്വന്തം കാറുമായി തന്നെ കപ്പലില്‍ കയറാം.ഏകദേശം ഒരുമണിക്കൂറോളം യാത്രചെയ്താല്‍ ഫര്‍സാന്‍ ദ്വീപിലെത്തും. കപ്പലില്‍ യാത്ര തുടങ്ങിയതിനു ശേഷം അധികമാളുകളും സീറ്റുകളില്‍നിന്നുമെഴുന്നേറ്റ് ഫോട്ടോ എടുക്കുന്നതിനും കാഴ്ചകള്‍ കാണുന്നതിലും മുഴുകിയിരികുന്നു.

(കപ്പലില്‍ നിന്നും)


ഒരു മണിക്കൂര്‍ യാത്രക്കുശേഷം ഞങ്ങള്‍ ദ്വീപിലെത്തി. ദ്വീപിലെത്തിയ ഞങ്ങള്‍ അവിടെ നിന്നും ഒരു വാനില്‍ അവിടെ കറങ്ങാന്‍ പോയി. ഇവിടെ ഹുമിഡിറ്റി വളരെ കൂടുതലാണ് .ഒരു മലയാളി ജോലിചെയ്യുന്ന അമീറിന്റെസ്ഥലമുണ്റ്റീവിടെ, അതാണ് ഞങ്ങളുടെ ലക്ഷ്യം. കാഴ്ചകളൊക്കെ കണ്ടു അങ്ങോട്ടാണിപ്പോള്‍ യാത്ര.

(ദ്വീപില്‍ നിന്നും വാടകക്കു വിളിച്ച വാനില്‍) 

          പോകുന്ന വഴിയില്‍ അവിടെയുള്ള ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവും വാങ്ങി.(അവിടെയും ഒരു മലയാളിയുണ്ടായിരുന്നു!).ഞങ്ങള്‍ ലക്ഷ്യത്തിലെത്തി.ഇവിടെയെത്തിയിട്ടു ഭക്ഷണം കഴിക്കാമെന്നു കരുതിയതിനാല്‍ ഭക്ഷണസമയം വൈകിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ആദ്യം തന്നെ പോയത് ഭക്ഷണം കഴിക്കാനാണ്. കടല്‍വെള്ളത്തിലേക്കുള്ള പാലത്തില്‍, വിജനമായ സ്ഥലത്തിരുന്നു കടല്‍ക്കാറ്റേറ്റുള്ള ആ ഭക്ഷണത്തിന്റെ രുചി വേറെതന്നെയായിരുന്നു.

(ഭക്ഷണത്തിന്റെ അവസാന ഘട്ടത്തില്‍)


അതിനു ശേഷംവെള്ളത്തിലേക്ക്, അടിയില്‍ മണലിനോടൊപ്പം പവിഴപുറ്റിന്റെ ഭാഗങ്ങള്‍ ഇഷ്ടമ്പോലെ ഉണ്ട്. കരയില്‍ മനോഹരമായ ശംഖുകളും.അങ്ങനെ  കടല്‍ വെള്ളത്തില്‍ കുളിയും കളിയുമായി രാത്രി ഇരുട്ടുവോളം.

    സമയം വളരെ ഇരുട്ടി, മടക്കത്തിനുളള സമയമായി, വിത്യസ്ത സൗന്ദര്യവും കാലാവസ്ഥയും ആസ്വാദ്യതയുമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുളള  നീളമേറിയ യാത്രക്കുശേഷം മനംനിറഞ്ഞുള്ള മടക്കം, അടുത്ത യാത്രക്കായുളള ഊര്‍ജ്ജവുമായി....
 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com