ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

മരുഭൂമിയിലെ പച്ചപ്പിലേക്ക്...





      ഫാമുകള്‍ മരുഭൂമിയിലെ പച്ചപ്പുകളാണ്,  അതുകൊണ്ടു തന്നെ അതിലേക്കുള്ള യാത്രകളാകട്ടെ, മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കുന്നതും..


     സൗദിഅറേബ്യയിലെ അവധി ദിവസമായ വെള്ളിയാഴ്ച്ച രാവിലെ കുറച്ചു കാരക്കയും സുലൈമാനിയും കുടിച്ചു  ഞങ്ങള്‍ യാത്രക്കിറങ്ങി.തണുപ്പു കാലം കഴിഞ്ഞു വരുന്നെയുള്ളു എന്നതിനാല്‍ ചെറുതായി തണുപ്പുണ്ട്. ഇവിടെ നിന്നും100 ല്‍ താഴെ കിലോമീറ്റര്‍ ദൂരം മാത്രമെയുള്ളു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഞങ്ങളവിടെയെത്തി.(വെള്ളിയാഴ്ച രാവിലെ റോഡുകളില്‍ തിരക്കു കുറവായിരിക്കും)


  ഫാം നടത്തുന്നവര്‍ മലയാളികളാണ്,  അവരുടെ റൂമിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. റൂമില്‍ നിന്നും ഭക്ഷണം, കുറച്ചു സ്പെഷ്യലായി  തന്നെ... കാടയും ഒട്ടകപ്പാലിലുണ്ടാക്കിയ പായസവും പാക്കിസ്ഥാനി പൊറോട്ടയുമൊക്കെയായി.... (ഒട്ടകങ്ങളുടെ നാടാണെങ്കിലും ഇവിടെ ഒട്ടകപ്പാലു ആദ്യമായാണ് ഞാന്‍ കഴിക്കുന്നത്, ഒട്ടകയിറച്ചി തന്നെ വളരെ കുറച്ചു പ്രാവശ്യം മാത്രമെ കഴിച്ചിട്ടുള്ളൂ. ഇവിടെ ഹോട്ടലുകളിലും മറ്റും ആടിന്റെയും കോഴിയുടെയും വിഭവങ്ങളാണ് അധികവും കാണാറ്).

        ഇവര്‍ക്കു രണ്ടു ഫാമുകളുണ്ട്. ഏകദേശം ഒരുകിലോമീറ്ററോളം ദൂരെയുള്ള ഫാമിലേക്കാണ് ഞങ്ങളാദ്യം പോയത്. പോകുമ്പോള്‍ തന്നെ ഇടക്കിടക്ക് പഴയ കാലങ്ങളിലെ കെട്ടിടങ്ങള്‍ കാണാം. മടക്കത്തില്‍ അവയിലൊന്നില്‍ കയറണം എന്നുദ്ദേശിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു.. ഇതു കുറച്ചു താഴ്ന്ന ഏരിയയാണ്, പണ്ടു ഇവിടെ ജലലഭ്യത ഉണ്ടായിരുന്നതിനാലാവണം ഇവിടെ പഴയ കുറെ വീടുകള്‍ കാണുന്നത്.
  ഞങ്ങള്‍ ലക്ഷ്യത്തിലെത്തി, ഇവിടെ ഫാമിലെ ജോലിക്കാരന്‍ ഒരു ഈജിപ്ഷ്യനാണ്.


       അറബികള്‍ക്ക് ഫാം വെറുമൊരുമൊരു വരുമാനോപാധിയല്ല, പകരം ഇതൊരു വിനോദോപാധികൂടയാണ്. ചിലപ്പോള്‍ അവര്‍ ആഴ്ചാന്ത്യങ്ങള്‍ ചിലവഴിക്കുന്നത് ഇത്തരം ഫാമുകളിലായിരിക്കും. (അത്തരം ദിവസങ്ങളില്‍ അവിടെയുള്ള ജോലിക്കാര്‍ക്കു പോലും പ്രവേശനം നിയന്ത്രിതമായിട്ടായിരിക്കും!)


 ഫാമിലെത്തി ആദ്യം കണ്ടത് ഒരു ചെറിയ സ്വിമ്മിംഗ്പൂളാണ്.  പക്ഷെ അതിനടുത്തു കണ്ട കൗതുകരമായ കാഴ്ച  എല്ലാവരുടെയും  ശ്രദ്ധയെ അങ്ങോട്ടു തിരിച്ചു. കല്ലും മണ്ണും കൊണ്ടുമാത്രമുണ്ടാക്കിയ പഴയ കാലത്തെ കിണര്‍!! കിണറിന്റെ താഴേക്ക് കാണാന്‍ പറ്റാത്തത്ര ആഴമുണ്ട്.
(കാമറയിലാണ് ഇത്രയെങ്കിലും കാണാന്‍ പറ്റിയത്...)






  ഫാമിലെ ക്റ്ഷികള്‍ കേബേജും ഉള്ളിയും മറ്റു ചെടികളുമാണ്(അറബി പേരുകളായതിനാല്‍ മുഴുവന്‍ ഓര്‍മ്മിക്കുന്നില്ല...)കൂടാതെ അല്പം മുന്തിരിവള്ളീകളും അരികിലായി നട്ടിട്ടുണ്ട്.
 







 ഒരു ഗ്രൂപ്പ് ഫോട്ടോ..


ഫാമിലെ പ്രാവുകള്‍‍..



പശുക്കള്‍ക്കുള്ള തീറ്റ





ചെടികള്‍ക്കിടയിലൂടെ ചികഞ്ഞു നടക്കുന്ന
 കോഴികള്‍


 ഫാമിന്റെ നടത്തിപ്പുകാരനും സുഹ്റ്ത്തും

മടങ്ങുമ്പോള്‍ പഴയ ഒരു വീടിനടുത്തു വണ്ടി നിര്‍ത്തി. പഴയ കാലത്തെ അറബി വീടുകള്‍ ഇപ്പോഴുള്ള വീടുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് പെട്രോളിയം ഇവിടെ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാവുന്നത്. മണ്ണും കല്ലും മരവും മാത്രമുപയോഗിച്ചാണ് ഇവയും നിര്‍മ്മിച്ചിട്ടുള്ളത്. സൗദിയിലെ അതികഠിനമായ ചൂടിലും തണുപ്പിലുമൊക്കെ ഇത്തരം വീടുകളില്‍ ജീവിച്ചിരുന്നതെങ്ങിനെയാണാവോ..!

















          അടുത്ത ഫാമിലേക്കാണ് ഇനിയുള്ള യാത്ര.സമയം ഉച്ചയായിക്കഴിഞ്ഞു, ആദ്യം റൂമില്‍ പോയി ഭക്ഷണം കഴിക്കണം.ഉച്ചഭക്ഷണവും, ഒട്ടകബിരിയാണിയും മറ്റുമായി  ഒട്ടും മോശമായില്ല..... പിന്നെ അടുത്ത കാഴ്ചകളിലേക്ക്. ഈ ഫാമിലാണ് ഈന്തപ്പനകളും ആടുകളുമൊക്കെയുള്ളത്....
ആടിനൊരു ചുംബനം...

ഈന്തപ്പഴങ്ങളുണ്ടാകുന്നു.....


     അവിടെയും കുറേസമയത്തെ കറക്കം... പിന്നെ കുറച്ചു വിശ്രമം... അങ്ങനെ ഒരു കൊച്ചുയാത്രയും കൂടി അവസാനത്തിലേക്ക് ..പുതിയ കാഴ്ചകളുമായി  മനവും
(കാരക്കയും ആട്ടിറച്ചിയുമായി  വണ്ടിയും) നിറച്ചു  മടക്കം ..
 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com