ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

ഇന്ത്യൻ നയാഗ്ര, ആതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക്...




     ആതിരപ്പിള്ളി വെള്ളച്ചാട്ടം ചിത്രത്തിലോ പാട്ടുകളിലെങ്കിലും കാണാത്തവർ ചുരുക്കമായിരിക്കും. കാരണം സൂപ്പർ ഹിറ്റുകളായ പല പാട്ടുകളിലും സിനിമകളിലും  കാഴചകൾ എത്രയോ തവണ ആസ്വദിച്ചവരാണു നമ്മളെല്ലാവരും.
   പയ്യയിലെ അടടാ മഴയും, രാവണൻ, ഗുരു, ഇരുവർ, ദിൽസേ …. ഇങ്ങനെ നീളുന്നു നിര
   ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക്  രണ്ടാമത്തെ പ്രാവശ്യമാണു ഞാൻ പോകുന്നത്. നാട്ടിൽ നിന്നും   165 കിലോമീറ്റർ ദൂരമാണു യാത്ര. അതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു. ഞാനും സുഹൃത്തായ മീർഷമീറും   ഞങ്ങളുടെ ഭാര്യമാരുമാണു കൂടെയുള്ളത്. സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയെക്കാളും എളുപ്പമാണു കുടുംബത്തോടൊപ്പമുള്ള യാത്ര പ്ലാൻ ചെയ്യാൻ. അല്ലെങ്കിൽ 4 പേരുടെയെങ്കിലും സമയവും സൗകര്യവും ഒക്കെ നോക്കി ശരിയായി വരാൻ കുറച്ചു ബുദ്ധിമുട്ടാണു.

      കഴിയുന്നതും നേരത്തെ പുറപ്പെട്ടു റോഡു തിരക്കാവുന്നതിനു മുൻപ് അവിടെ എത്താനാണു പരിപാടി. പക്ഷെ പെട്രോളിന്റെ കാര്യത്തിൽ ചെറിയ അബദ്ധം പറ്റി.  24 മണിക്കൂറും പെട്രോൾ പമ്പ് തുറക്കും എന്ന് പ്രതീക്ഷയിൽ പെട്രോൾ അടിച്ചിട്ടില്ലായിരുന്നുപോകുന്ന വഴിയിൽ കണ്ട പെട്രോൾ പമ്പുകളെല്ലാം ഇരുളിലാണു.  25 കിലോമീറ്റർ ഓടിക്കഴിഞ്ഞു കണ്ട പെട്രോൾ പമ്പ് അല്പം കഴിഞ്ഞാൽ തുറക്കും എന്നറിഞ്ഞതിനാൽ അവിടെ  അര മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു

      ഒരു ചായയൊക്കെ കുടിച്ച സമയം അഡ്ജസ്റ്റ് ചെയ്തു ഞങ്ങൾ യാത്ര തിരിച്ചു. രാവിലെ അധികം വൈകാതെ തന്നെ ഞങ്ങൾ തൃശൂരെത്തി. അവിടെ നിന്നും വഴിചോദിച്ചു വീണ്ടും യാത്ര തുടർന്നു. ഇനിയും 60 കിലോമീറ്ററോളം ദൂരമുണ്ട്.

     കുറേ കൂടി യാത്ര ചെയ്തപ്പോൾ ആതിരപ്പിള്ളിയുടെയും അതിനടുത്തുള്ള സിൽവർ സ്റ്റോം, ഡ്രീം വേൾഡ് എന്നീ വാട്ടർ തീം പാർക്കുകളുടെയും സൂചന നൽകുന്ന ബോർഡുകൾ കണ്ടു. സമയം ഏകദേശം 8 മണി കഴിഞ്ഞു. പ്രഭാത ഭക്ഷണത്തിനുള്ള വിശപ്പു ചെറുതായി തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി ഹോട്ടൽ നോക്കിയാണു യാത്ര . വെള്ളച്ചാട്ടം എത്തുന്നതിനു മുൻപായി ഒരു ചെറിയ ഹോട്ടൽ കണ്ടു. പിന്നെ അധികം ആലോചിക്കാൻ നിൽക്കാതെ വണ്ടി നിർത്തി. അവിടെ നിന്നും ഞങ്ങൾ വെള്ളയപ്പം കഴിച്ചു. യാത്ര തുടർന്നു.
     കൺകുളിർമ്മയുള്ള കാഴചകളാണു റോഡിനിരുവശവുംകാഴചകൾ കണ്ടു പതുക്കെ ഞങ്ങൾ യാത്ര തുടർന്നുവെള്ളച്ചാട്ടത്തിനടുത്തെത്താനാവുമ്പോൾ റോഡിനു വശത്തായി കാണുന്ന കൃഷിയിടങ്ങൾ കൗതുകകരമായി തോന്നി. ഈന്തപ്പനകളെ പോലെ കാണുന്ന ഇവ എണ്ണപ്പനകളാണു. ഇവയുടെ  കൃഷി കേരളത്തിൽ വേറെ വല്ലയിടത്തുമുണ്ടോ ആവോ
 
      വെള്ളച്ചാട്ടത്തിന്റെ  അടുത്തെത്തി, അവിടെ വണ്ടി പാർക്കു ചെയ്തു. ടിക്കറ്റെടുത്ത് ഉള്ളിലേക്ക്. വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ഭംഗിയായി വഴി ഒരുക്കിയിട്ടുണ്ട്അവിടവിടായി ഇഷ്ടംപോലെ കുരങ്ങൻമാരെ കാണാനുണ്ട്. കുറച്ചു കൂടി അടുത്തെത്തിയപ്പോ വഴിയിൽ ഒരു മാൻതീരെ ഭയമില്ലാതെ വഴിയരികിൽ നിന്ന അതിനെ കുറച്ചു സമയം നോക്കിനിന്നു കുറച്ചു ഫോട്ടോയും എടുത്തപ്പോഴേക്കും അതു കാട്ടിനുള്ളിലേക്കു നീങ്ങി. ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തേക്കും.....


       ( വഴിയരികിൽ കണ്ട കേഴമാൻ)




( ഇഷടമ്പോലെ കുരങ്ങന്മാരുമുണ്ട് )




    ആനമുടി മലകളിൽ നിന്നും തുടങ്ങി വാഴച്ചാൽ കാടുകളിലൂടെ ഒഴുകിവരുന്ന ചാലക്കുടി പുഴയിലാണീ ആതിരപ്പിള്ളി വെള്ളച്ചാട്ടംശാന്തമായി വരുന്ന ചാലക്കുടിപ്പുഴ മൂന്നായി പിരിഞ്ഞു ശകതമായ വെള്ളച്ചാട്ടമായി 24 മീറ്ററോളം താഴെക്ക് പതിക്കുന്നു!.. അതിമനോഹരമായ കാഴ്ച കാണാൻ  അധികം ആളുകളെയൊന്നും കാണാനില്ല. ഒരു പക്ഷെ രാവിലെയായതിനാലായിരിക്കും. വെള്ളത്തിലേക്കിറങ്ങാൻ അവിടെ കയറു കെട്ടി പരിധി നിർണ്ണയിച്ചിട്ടുണ്ട്. കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവഴിച്ചു. അവിടെ വെള്ളച്ചാട്ടത്തിന്റെ താഴേക്കു പോകാൻ സൗകര്യം ഉണ്ട്. മുകളിൽ നിന്നും കാണുന്നതിനേക്കാൾ നന്നായി വെള്ളച്ചാട്ടം ആസ്വദിക്കാൻ താഴെ നിന്നും പറ്റും. പിന്നെ ഞങ്ങൾ താഴേക്കു ഇറങ്ങി. കുത്തനെയുള്ള ഇറക്കമാണു. ഇടക്ക് വിശ്രമിക്കാൻ വേണ്ടി മുളകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളുമുണ്ട്
ഒരു തമിഴ കുടുംബം താഴെ നിന്നും മുകളിലേക്ക് കിതച്ചു കിതച്ചു വരുന്നുണ്ട്താഴേക്കുള്ള വഴിയും ഭംഗിയാക്കിയിട്ടുണ്ട്. പലതരം പക്ഷികളുടെയും ശബ്ദം കേൾക്കുന്നുണ്ട്, ചിലവയെ കാണുകയും ചെയ്യാം. താഴെയെത്തിയാൽ വിശാലമായ കാഴ്ചയുടെ ലോകമാണു നമ്മെ കാത്തു നിൽക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള കാഴ്ച അതിമനോഹരമാണു. പാറക്കെട്ടിലൂടെ നടന്നു നമുക്കു കുറേ അടുത്തു വരെ പോകാം. വെള്ളച്ചാട്ടത്തിനു ശേഷം പിന്നെ വെള്ളം പാറക്കെട്ടിലൂടെ താഴേക്ക് ഒഴുകിപോകുന്നു. വെള്ളം താഴേക്ക് പതിക്കുമ്പോൾ അതു നീർത്തുള്ളികളായി കാറ്റിൽ തെറിക്കുന്ന കാഴ്ച മനം കുളിർപ്പിക്കുന്നതാണു. കൂടാതെ വെള്ളം താഴേക്ക് ഒഴുകിപ്പോകുന്നത് താഴെയുള്ള മുളം കൂട്ടങ്ങൾക്കിടയിലൂടെ ചെറിയ കൈവഴികൾ പോകുന്നതും അഴകേറിയ കാഴ്ചകളാണു. അവയെല്ലാം ആസ്വദിച്ചും ഫോട്ടോകളെടുത്തും ഞങ്ങൾ കുറേ സമയമവിടെ കഴിച്ചു കൂട്ടി.




(ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ)


        പിന്നെ  അടുത്ത ലക്ഷ്യത്തിലേക്ക്ആതിരപ്പിള്ളിയിൽ നിന്നും വെറും 5 കിലോമീറ്ററോളം മാത്രമേ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ളൂ. വാഴച്ചാലിലേക്കുള്ള യാത്രക്കിടയിൽ കാണാൻ കഴിയുന്ന മറ്റൊരു മനോഹര കാഴ്ചയാണു ചേർപ്പ വെള്ളച്ചാട്ടം. റോഡിൽ നിന്നു തന്നെ കാണാൻ കഴിയുന്ന ചേർപ്പ വെള്ളച്ചാട്ടത്തിൽ അധിക സമയം ചിലവഴിക്കാതെ ഞങ്ങൾ വാഴച്ചാലിലെത്തി.


(ചേർപ്പ വെള്ളച്ചാട്ടം)
      
       അവിടെ നിന്നും ഓരോ ഗ്ലാസ് ജൂസും കുടിച്ച് ഞങ്ങൾ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് പുറപ്പെട്ടു. വാഴച്ചാൽ കാട്ടിലൂടെയുള്ള റോഡ് വെള്ളച്ചാട്ടം വരെയെ തുറന്നിട്ടുള്ളൂ. പിന്നെ അങ്ങോട്ടു പോകാൻ ഫോറസ്റ്റ് ഗാർഡുകളിൽ നിന്നും അനുവാദം വേണം. ഇതിലൂടെയുള്ള വാൾപാറയിലേക്കുള്ള യാത്ര കുറേ കേട്ടതും ആഗ്രഹമുള്ളതുമാണു. ഏതായാലും ഞങ്ങൾ അവിടെ വണ്ടി നിർത്തി. ആതിരപ്പിള്ളിയിൽ നിന്നും എടുത്ത ടിക്കെറ്റിൽ തന്നെ മതി ഇവിടെയും.  ആതിരപ്പിള്ളിയിൽ നിന്നും ഭിന്നമായി വാഴച്ചാൽ വെള്ളച്ചാട്ടത്തിൽ പരന്നു സുന്ദരമായി ഹിമവർണ്ണത്തിൽ ഒഴുകുന്ന വെള്ളത്തിന്റെ കാഴ്ച സുന്ദരമാണു. വെള്ളച്ചാട്ടത്തിന്റെയും പുഴയുടെയും സൗന്ദര്യം ആസ്വദിക്കാവുന്ന രൂപത്തിൽ   നിർമ്മിച്ച പാർക്കിൽ ഞങ്ങൾ കുറേ സമയം ചിലവഴിച്ചു.






 (വാഴച്ചാൽ വെള്ളച്ചാട്ടത്തിൽ നിന്നുള്ള കാഴ്ചകൾ )

      തൃശൂരിലെ കാഴ്ചകൾ മതിയാക്കി ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് തിരിച്ചു , എറണാക്കുളത്തേക്ക്.......


 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com