ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















Saudi Arabia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Saudi Arabia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂൺ 12, ചൊവ്വാഴ്ച

മരുഭൂമിയുടെ ഉൾക്കാട്ടിലേക്ക് - ദഹന ഡെസെർട്ട്




     


  “I have always loved the desert. One sits down on a desert sand dune, sees nothing, hears nothing. Yet through the silence something throbs, and gleams...”
― Antoine de Saint-Exupéry, The Little Prince





                    ഞങ്ങളുടെ ഈ യാത്ര മരുഭൂമിയിലേക്കാണു.
വ്യാഴാഴ്ച ഉച്ചക്ക് ഞങ്ങൾ യാത്ര തുടങ്ങി. റിയാദിൽ നിന്നും 100 കിലോമീറ്ററോളം ദൂരെയുള്ള റൗദത്ത് ഖുരീം വഴിയാണു യാത്ര.  വഴിയിൽ ഒരു പെട്രോൾ പമ്പിലാണു എല്ലാവരും ഒത്തു കൂടാൻ തീരുമാനിച്ചിരിക്കുന്നത്.  ആദ്യം വഴിയിലെ ഒരു സൂപ്പർ മാർക്കെറ്റിൽ നിന്നും വെള്ളവും ഭക്ഷണം തയ്യാറാക്കാനുള്ള സാധനങ്ങളുമൊക്കെ വാങ്ങി എല്ലാവരും കൂടി യാത്ര തുടങ്ങി.


       അധികം വൈകാതെ റൗദത്ത് ഖുറീമിലെത്തി.ഇവിടെ ഞാൻ മുമ്പും വന്നിട്ടുണ്ട്.  അത്യാവശ്യം മഴ ലഭിക്കുന്ന വർഷങ്ങളിൽ പൂർണ്ണമായും പച്ച പുതച്ചു കിടക്കുന്നതും പൂക്കളാലും മറ്റും  വളരെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന് സ്ഥലമാണിത്. പക്ഷെ ഈ വർഷങ്ങളിൽ മഴ കുറവായതിനാൽ അതിന്റെ പൂർണ്ണ സൗന്ദര്യത്തിലേക്ക് റൗദത്ത് ഖുറീം എത്തിയിട്ടില്ല. എങ്കിലും പ്രകൃത്യാലുണ്ടാക്കുന്ന ചെറിയ മരങ്ങളുടെയും ചെടികളുടെയും സൗന്ദര്യം നുണയാൻ ഇവിടെ കാമ്പ് ചെയ്യാനും കാണാനുമൊക്കെയായി വളരെ ആളുകൾ എത്തിയിട്ടുണ്ട്.

               പക്ഷെ ഞങ്ങളൂടെ ലക്ഷ്യം ഇനിയും അകലെയാണു.  പച്ചപ്പിലൂടെ കുറച്ചു സമയം കൂടി യാത്ര തുടർന്നു. ഇവിടെ നിന്ന് പെട്ടന്ന് മരുഭൂമി തുടങ്ങുകയാണു. പച്ചപ്പിന്റെയൊ ചെടികളുടെയോ കാഴ്ചകൾ ഇനിയങ്ങോട്ടു അപൂർവ്വ കാഴ്ചകളായിരിക്കും.

                   അതി മനോഹരമായ ചുവന്ന മണൽ കൂനകൾ. സൗന്ദര്യവും അതിനൊപ്പം അപകടകരവുമായ  ഇത്തരം മണൽ കൂനകളിലൂടെയാണു ഇനിയുള്ള യാത്ര മുഴുവൻ. 
നാലു ഫോർ വീൽ  ഡ്രൈവ് കാറുകളിലാണു ഞങ്ങൾ  13 പേർ.  ആദ്യം തന്നെ വണ്ടികളിലെ  ടയറിലെ പ്രെഷർ കുറച്ചു മണലിലൂടെ യാത്ര ചെയ്യാവുന്ന രീതിയിലാക്കി.


           യാത്ര തുടർന്നു, അല്ലെങ്കിൽ തുടങ്ങി എന്നു പറയാം.  ചെറുതും വലുതുമായ മണൽ കുന്നുകളിലൂടെ (Sand Dunes ) പതുക്കെ പതുക്കെ.......
             മരുഭൂമിയിലൂടെയുള്ള ഡ്രൈവിംഗ് സാധാരണപോലെയല്ല . മരുഭൂമിയിലൂടെ വണ്ടിയോടിച്ചു പരിചയമായവർ വളരെ രസകരമായി ഓടിക്കും.  ഇടക്കിടക്ക് കയറ്റങ്ങളിലും മറ്റും പലപ്പോഴും വണ്ടി കുടുങ്ങി. ഏതു വണ്ടി നിന്നാലും മിക്കപ്പോഴും എല്ലാവരുടേയും സഹായം കൊണ്ടേ അവിടെ നിന്നും രക്ഷപ്പെടാൻ കഴിയുന്നുള്ളൂ.. കുറച്ചു പ്രാവശ്യം മറ്റു കാറിൽ കെട്ടി വലിച്ചു കയറ്റേണ്ടിയും വന്നു.





                കുറേ ദൂരം വിശാലമായ മരുഭൂമിയിലൂടെ യാത്ര ചെയ്ത ശേഷം രാത്രി കേമ്പ് ചെയ്യാൻ സൗകര്യമുള്ള ഒരു സ്ഥലത്ത് നിർത്തി.  സമയം ഏകദേശം ഇരുട്ടിത്തുടങ്ങിയിട്ടൂണ്ട്. സമയം പൂർണ്ണമായും ഇരുട്ടുന്നതിനു മുൻപു തന്നെ ടെന്റ് കെട്ടി.
            യാത്ര തുടരുന്നതിനു മുമ്പ് ഒരു മുഴുവൻ രാത്രി ബാക്കിയുണ്ട്.  ഭക്ഷണം റൊട്ടിയും (ഖുബ്സ്) കോഴിചുട്ടതുമാണു തീരുമാനിച്ചിരുന്നത്. അധികം തണുപ്പൊന്നുമില്ല, എങ്കിലും ഭക്ഷണം പാകം ചെയ്യാനും മറ്റും തീ കൂട്ടാനായി കുറച്ചു പേർ വിറക് തേടിപ്പോയി.    താഴ്ന്നയിടങ്ങളിൽ നിന്നും ലഭിച്ച  ഉണങ്ങിയ ചില ചെടികളും പിന്നെ കരിയും ഒക്കെ ഉപയോഗിച്ച്  കോഴി ചുടലാരംഭിച്ചു. അതൊടൊപ്പം ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു..
 ഞാൻ ഇവരുടെ കൂടെ ആദ്യമായാണു വരുന്നത്, യാത്ര ക്കിടയിൽ പല വണ്ടികളിലായതിനാൽ എല്ലാരും ഒരുമിച്ചു കൂടുന്നത് ഇപ്പോഴാണു. നാട്ടിൽ നിന്നുള്ള 3  പേരൊഴിച്ച് (നൗഫൽ, സനോജ്, ഷാഹിദ് ഇരുവേറ്റി)ബാക്കിയുള്ളവരെല്ലം എന്നെ സംബന്ധിച്ച് പുതിയവരാണു.  മരുഭൂമിയിലെ ശാന്തതയിൽ ചായയും കുടിച്ച് കോഴി വേവുന്നതു വരെ  സല്ലാപം....


                 മരുഭൂമിഹ്ടെ നിശ്ശബ്ദതയെ ഭേതിക്കുന്നത് സുഖകരമായ  ഇളം കാറ്റുമാത്രം.. ഞങ്ങളുടെയല്ലാതെ വേറെ ഒരു ജീവികളുടെയോ യന്ത്രങ്ങളൂടെയോ ശബ്ദം കേൾക്കാനില്ല.  ചുവന്ന മണൽ തരികളാലുണ്ടാകുന്ന ചെറിയ ചെറിയ കുന്നുകൾ.കണങ്കാൽ വരെ  പൂഴ്ന്നു പോകുന്ന മണലിലൂടെ  നടന്നു അതിനു മുകളിൽ പോയിരുന്നാൽ നോക്കെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണൽ കൂനകൾ! ഒരേ വലുപ്പത്തിലുള്ള ചെറിയ മൺതരികൾ കാണുമ്പോൾ  അരോ മണൽ ഒരേ വലിപ്പത്തിൽ തരിച്ചെടുത്ത് വൃത്തിയാക്കി  കൂട്ടിയിട്ടതുപോലെ...


              ഭക്ഷണ ശേഷം ഞങ്ങൾ ടെന്റിനുള്ളിലേക്ക് പോയി.  തണുത്ത കാറ്റ് അഅധികരിക്കുന്നുണ്ട്.  .  കുറേ സമയം കൂടി കഴിഞ്ഞതിനു ശേഷം എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. കുറച്ചു പേർ ടെന്റിലും ബാക്കിയുള്ളവർ വണ്ടിയിലെ സീറ്റ് നിവർത്തിയിട്ടു അതിലുമായി കിടന്നു.  മരുക്കാട്ടിലെ കാറ്റിന്റെ ശബ്ദത്തിന്റെയും തണുപ്പിന്റെയും തലോടലിൽ സ്ലീപിംഗ് ബാഗിന്റെ ചൂടിൽ സുഖമായൊന്നുറങ്ങി.


            രാവിലെ ചുട്ട പഴവും ബ്രെഡും ജാമും തേനും ചീസുമൊക്കെയായി ലഘുഭക്ഷണം കഴിച്ച് യാത്ര തുടർന്നു.


              പ്രാഥമിക കർമ്മങ്ങൾ വിശാലമായ സൗകര്യങ്ങലോടെ തന്നെ! എത്ര കുറച്ചു വെള്ളം മതി നമ്മുടെ ആവശ്യങ്ങൾക്കെന്നത് അനുഭവിച്ചറിഞ്ഞ കാര്യമായിരുന്നു.  ഇവിടെ നിന്നും വെള്ളം ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ ദൗർലഭ്യത്തെക്കാളും മനസ്സിലേക്കു വന്നത്  സാധാരണ എത്രവെള്ളമാണു നമ്മൾ പാഴാക്കിക്കളയുന്നതെന്ന ചിന്തയാണു.
         
                അനന്തതയിലേക്കു പരന്നുകിടക്കുന്ന മരുഭൂവിലൂടെ  പുതിയ കാഴ്ചകൾ കണ്ടു വരിവരിയായി യാത്ര തുടർന്നു.
ചിലയിടങ്ങളിൽ  വളരെ ദൂരം അധികം കയറ്റിറക്കങ്ങളില്ലാതെ, ചിലയിടങ്ങളിൽ കൂടുതൽ പൂഴ്ന്നുപോകുന്ന തരം മണലാണു. അത്തരം സ്ഥലങ്ങളിൽ വണ്ടി സ്പീഡ് കുറഞ്ഞാൽ തന്നെ അവിടെ കുടുങ്ങും. പിന്നെ മറ്റുള്ളവരുടെ സഹായമില്ലാതെ രക്ഷയില്ല. GPS അല്ലാതെ വഴിയറിയാൻ വേറെ മാർഗ്ഗങ്ങളോ  ട്രാക്കുകളോ അടയാളങ്ങളോ ഒന്നുമില്ല .  നമ്മൾ കടന്നുപോകുന്ന ട്രാക്ക് കുറച്ചു സമയത്തിനുള്ളീൽ തന്നെ കാറ്റു മായ്ച്ചു കളഞ്ഞു പഴയപോലെ ആക്കിയിരിക്കും.



              യാത്രക്കിടയിൽ ഞങ്ങൾ അധികം ജീവികളെ യൊന്നും  കണ്ടില്ല, മരുഭൂമിയിൽ ജീവിക്കുന്ന ജീവികളെകുറിച്ച് വായിച്ചതും കേട്ടറിഞ്ഞതുമെല്ലാം വെച്ചു എന്തിനെയെങ്കിലും ഒന്നു കാണാൻ ആഗ്രഹമുണ്ട്.


                 പെട്ടന്നു മുന്നിലെ വണ്ടി സ്പീഡ് കുറച്ചതു കണ്ടപ്പോഴാണുൊരു പക്ഷിയെ കണ്ടത്. മരുഭൂമിയിൽ കാണപ്പെടുന്ന മൂങ്ങയാണത്രെ ഇത്.


             കുറെ ദൂരം കൂടി യാത്രചെയ്തപ്പോൾ കുറച്ചു ഒട്ടകങ്ങളെ ക്ണ്ടു, അല്പം കൂടി മുന്നോട്ടു പോയപ്പോൾ   ഇവയുടെ ഉടമസ്ഥരെയും .





                   ഇവർ (തലക്കെട്ടു ധരിച്ചവർ) ഇവിടെ ജീവിക്കുന്നവരാണു,ചെറുപ്പകാരായ രണ്ടു തോപ്പു ധരിച്ചവർ ഒട്ടകങ്ങളുടെ ഉടമസഥരും  ചുവന്ന കോട്ടു ധരിച്ചയാൾ(ഏതോ ആഫ്രിക്കൻ രാജ്യക്കരനാണു )  ഒട്ടകങ്ങളെ നോക്കുന്നവനുമാണു. ഈ മരുഭൂമിയിലാണു അവരുടെ ജീവിതം, വെള്ളിയാഴ്ചകളിലോ അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ ദിവസം കൊണ്ടുവരുന്ന റൊട്ടിയും സാധനങ്ങളുമുപയോഗിച്ചാണു ഇവരെപോലുള്ളവർക്ക് ബാക്കി ദിവസങ്ങൾ തള്ളി നീക്കാൻ." ആടു ജീവിത " ത്തിലും മറ്റും കേട്ടറിഞ്ഞ ഹതഭാഗ്യർ ഇവരെ പോലുള്ളവരായിരിക്കും... അവർ അപ്പോ കറന്നെടുന്ന ഒട്ടകപ്പാലുമായിട്ടു നിൽക്കുന്ന സമയത്താണു ഞങ്ങൾ അവിടെ എത്തിയത്. അതിനാൽ ഞങ്ങൾക്കും അവർ ഒരു വലിയ പാത്രത്തിൽ കുറച്ചു പാലുതന്നു. 


               അവരോടൊത്ത് കുറച്ചു സ്മയം ചിലവഴിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു. അടുത്ത റോഡിലേക്ക് ഇനി അധികം ദൂരമില്ല എന്നു മാപ്പിൽ കാണിക്കുന്നുണ്ട്.  റോഡിലെത്തിയ ശേഷം വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളിയിലേക്ക് വിട്ടു.  അങ്ങനെ വളരെ യാത്രചെയ്തു പരിചയമുള്ള ആളുകളോടൊപ്പം ഒരു അനുഭവസമ്പന്നമായ  മരുഭൂയാത്രയും കഴിഞ്ഞു മടക്കം...  പലപ്പോഴും പലയാത്രയിലും റോഡിനിരുവശവുമായി കാണുന്ന  മരുഭൂമിയുടെ കാഴ്ചകൾ മനസ്സിനെ വല്ലാതെ  മോഹിപ്പിച്ചിരുന്നു. അതിനെ ഉൾനിറഞ്ഞു കാണാൻ കഴിഞ്ഞുവെന്ന സന്തോഷത്തോടെ.....


നന്ദി

2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച

മരുഭൂമിയിലെ പച്ചപ്പിലേക്ക്...





      ഫാമുകള്‍ മരുഭൂമിയിലെ പച്ചപ്പുകളാണ്,  അതുകൊണ്ടു തന്നെ അതിലേക്കുള്ള യാത്രകളാകട്ടെ, മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കുന്നതും..


     സൗദിഅറേബ്യയിലെ അവധി ദിവസമായ വെള്ളിയാഴ്ച്ച രാവിലെ കുറച്ചു കാരക്കയും സുലൈമാനിയും കുടിച്ചു  ഞങ്ങള്‍ യാത്രക്കിറങ്ങി.തണുപ്പു കാലം കഴിഞ്ഞു വരുന്നെയുള്ളു എന്നതിനാല്‍ ചെറുതായി തണുപ്പുണ്ട്. ഇവിടെ നിന്നും100 ല്‍ താഴെ കിലോമീറ്റര്‍ ദൂരം മാത്രമെയുള്ളു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഞങ്ങളവിടെയെത്തി.(വെള്ളിയാഴ്ച രാവിലെ റോഡുകളില്‍ തിരക്കു കുറവായിരിക്കും)


  ഫാം നടത്തുന്നവര്‍ മലയാളികളാണ്,  അവരുടെ റൂമിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. റൂമില്‍ നിന്നും ഭക്ഷണം, കുറച്ചു സ്പെഷ്യലായി  തന്നെ... കാടയും ഒട്ടകപ്പാലിലുണ്ടാക്കിയ പായസവും പാക്കിസ്ഥാനി പൊറോട്ടയുമൊക്കെയായി.... (ഒട്ടകങ്ങളുടെ നാടാണെങ്കിലും ഇവിടെ ഒട്ടകപ്പാലു ആദ്യമായാണ് ഞാന്‍ കഴിക്കുന്നത്, ഒട്ടകയിറച്ചി തന്നെ വളരെ കുറച്ചു പ്രാവശ്യം മാത്രമെ കഴിച്ചിട്ടുള്ളൂ. ഇവിടെ ഹോട്ടലുകളിലും മറ്റും ആടിന്റെയും കോഴിയുടെയും വിഭവങ്ങളാണ് അധികവും കാണാറ്).

        ഇവര്‍ക്കു രണ്ടു ഫാമുകളുണ്ട്. ഏകദേശം ഒരുകിലോമീറ്ററോളം ദൂരെയുള്ള ഫാമിലേക്കാണ് ഞങ്ങളാദ്യം പോയത്. പോകുമ്പോള്‍ തന്നെ ഇടക്കിടക്ക് പഴയ കാലങ്ങളിലെ കെട്ടിടങ്ങള്‍ കാണാം. മടക്കത്തില്‍ അവയിലൊന്നില്‍ കയറണം എന്നുദ്ദേശിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു.. ഇതു കുറച്ചു താഴ്ന്ന ഏരിയയാണ്, പണ്ടു ഇവിടെ ജലലഭ്യത ഉണ്ടായിരുന്നതിനാലാവണം ഇവിടെ പഴയ കുറെ വീടുകള്‍ കാണുന്നത്.
  ഞങ്ങള്‍ ലക്ഷ്യത്തിലെത്തി, ഇവിടെ ഫാമിലെ ജോലിക്കാരന്‍ ഒരു ഈജിപ്ഷ്യനാണ്.


       അറബികള്‍ക്ക് ഫാം വെറുമൊരുമൊരു വരുമാനോപാധിയല്ല, പകരം ഇതൊരു വിനോദോപാധികൂടയാണ്. ചിലപ്പോള്‍ അവര്‍ ആഴ്ചാന്ത്യങ്ങള്‍ ചിലവഴിക്കുന്നത് ഇത്തരം ഫാമുകളിലായിരിക്കും. (അത്തരം ദിവസങ്ങളില്‍ അവിടെയുള്ള ജോലിക്കാര്‍ക്കു പോലും പ്രവേശനം നിയന്ത്രിതമായിട്ടായിരിക്കും!)


 ഫാമിലെത്തി ആദ്യം കണ്ടത് ഒരു ചെറിയ സ്വിമ്മിംഗ്പൂളാണ്.  പക്ഷെ അതിനടുത്തു കണ്ട കൗതുകരമായ കാഴ്ച  എല്ലാവരുടെയും  ശ്രദ്ധയെ അങ്ങോട്ടു തിരിച്ചു. കല്ലും മണ്ണും കൊണ്ടുമാത്രമുണ്ടാക്കിയ പഴയ കാലത്തെ കിണര്‍!! കിണറിന്റെ താഴേക്ക് കാണാന്‍ പറ്റാത്തത്ര ആഴമുണ്ട്.
(കാമറയിലാണ് ഇത്രയെങ്കിലും കാണാന്‍ പറ്റിയത്...)






  ഫാമിലെ ക്റ്ഷികള്‍ കേബേജും ഉള്ളിയും മറ്റു ചെടികളുമാണ്(അറബി പേരുകളായതിനാല്‍ മുഴുവന്‍ ഓര്‍മ്മിക്കുന്നില്ല...)കൂടാതെ അല്പം മുന്തിരിവള്ളീകളും അരികിലായി നട്ടിട്ടുണ്ട്.
 







 ഒരു ഗ്രൂപ്പ് ഫോട്ടോ..


ഫാമിലെ പ്രാവുകള്‍‍..



പശുക്കള്‍ക്കുള്ള തീറ്റ





ചെടികള്‍ക്കിടയിലൂടെ ചികഞ്ഞു നടക്കുന്ന
 കോഴികള്‍


 ഫാമിന്റെ നടത്തിപ്പുകാരനും സുഹ്റ്ത്തും

മടങ്ങുമ്പോള്‍ പഴയ ഒരു വീടിനടുത്തു വണ്ടി നിര്‍ത്തി. പഴയ കാലത്തെ അറബി വീടുകള്‍ ഇപ്പോഴുള്ള വീടുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് പെട്രോളിയം ഇവിടെ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാവുന്നത്. മണ്ണും കല്ലും മരവും മാത്രമുപയോഗിച്ചാണ് ഇവയും നിര്‍മ്മിച്ചിട്ടുള്ളത്. സൗദിയിലെ അതികഠിനമായ ചൂടിലും തണുപ്പിലുമൊക്കെ ഇത്തരം വീടുകളില്‍ ജീവിച്ചിരുന്നതെങ്ങിനെയാണാവോ..!

















          അടുത്ത ഫാമിലേക്കാണ് ഇനിയുള്ള യാത്ര.സമയം ഉച്ചയായിക്കഴിഞ്ഞു, ആദ്യം റൂമില്‍ പോയി ഭക്ഷണം കഴിക്കണം.ഉച്ചഭക്ഷണവും, ഒട്ടകബിരിയാണിയും മറ്റുമായി  ഒട്ടും മോശമായില്ല..... പിന്നെ അടുത്ത കാഴ്ചകളിലേക്ക്. ഈ ഫാമിലാണ് ഈന്തപ്പനകളും ആടുകളുമൊക്കെയുള്ളത്....
ആടിനൊരു ചുംബനം...

ഈന്തപ്പഴങ്ങളുണ്ടാകുന്നു.....


     അവിടെയും കുറേസമയത്തെ കറക്കം... പിന്നെ കുറച്ചു വിശ്രമം... അങ്ങനെ ഒരു കൊച്ചുയാത്രയും കൂടി അവസാനത്തിലേക്ക് ..പുതിയ കാഴ്ചകളുമായി  മനവും
(കാരക്കയും ആട്ടിറച്ചിയുമായി  വണ്ടിയും) നിറച്ചു  മടക്കം ..

2010 ഓഗസ്റ്റ് 14, ശനിയാഴ്‌ച

ഹുറൈമലയിലേക്ക്(സൗദി അറേബ്യ) കൊച്ചു കൂട്ടുകാരോടൊപ്പം,ഒപ്പം ഒരു ബ്ലോഗേര്‍സ് മീറ്റും...


               
      റിയാദില്‍ നിന്നും ഏകദേശം 80 കിലോമീറ്ററുണ്ട് ഹുറൈമല എന്ന സ്ഥലത്തേക്ക്.താമസസ്ഥലത്തെ കൂട്ടുകാര്‍ ഹുറൈമലയില്‍ പോയ ഫോട്ടോകള്‍ കണ്ടപ്പോഴേ ആഗ്രഹിച്ചതാണ് അവിടെ ഒന്നു പോകണമെന്ന്. അതിനു വേണ്ടി പ്ലാന്‍ ചെയ്യുകയും ചെയ്തു. ചില  കാരണങ്ങളാല്‍ അത് നടന്നില്ല.

          പക്ഷെ അന്ന് അതു നടക്കാതിരിക്കാന്‍ ഒരു കാരണമായിരുന്നത് മലയാളി കുട്ടികള്‍ പഠിക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ(സ്കൂള്‍) അയിരുന്നു.  വെക്കേഷന്‍ ക്ലാസ് തുടങ്ങിയതു കാരണം പലര്‍ക്കും അവിടെ ജോലിത്തിരക്കായതിനാല്‍ അന്നു നടന്നില്ല. പക്ഷെ പിന്നെ അതേ മദ്രസകാരണമായി അവിടെക്കു തന്നെ പോകാന്‍ ഒരു അവസരം വന്നാലോ..?അതാണ് സംഭവിച്ചത്. വെക്കേഷന്‍ ക്ലാസിന്റെ ഭാഗമായി നടത്താനിരുന്ന നൈറ്റ് കാമ്പും പഠനയാത്രയും, അതില്‍ പഠനയാത്രക്ക് കുട്ടികള്‍ക്ക് പറ്റിയ ഒരു ലൊക്കേഷനു വേണ്ടിയുള്ള തിരച്ചില്‍ അവസാനം എത്തിയത് ഇവിടേക്ക്.
          
                  പക്ഷെ ഇതൊരു ടൂറിസ്റ്റ് പ്ലേസ് അല്ല, പകരം ഒരു സ്വകാര്യ ഫാം ആണ്. ഫാമിന്റെ നടത്തിപ്പുകാര്‍ മലയാളികളാണ്. കൂടെ താമസിക്കുന്ന റസാഖ് ഭായിയുടെ നാട്ടുകാരനും കൂട്ടുകാരനുമാണ് അവരില്‍ ഒരാള്‍. അതുകൊണ്ട് അദ്ദേഹം തന്നെ അവറെ വിളിച്ച് യാത്രക്കുള്ള അനുമതി ഫാമിന്റെ ഓണറെ കൊണ്ട് വാങ്ങിപ്പിച്ചു. 

           മദ്രസയില്‍ ഏകദേശം 140 -ഓളം കുട്ടികളുണ്ട്. അതില്‍ അധികപേരും വെക്കേഷനു നാട്ടില്‍ പോയതാണ്. ബാക്കിയുള്ള കുറച്ചു പേരാണ് ഈ യാത്രയിലുളളത്.

         ഈ യാത്രയിലെ ബ്ലോഗര്‍മാരെ കുറിച്ചു പറയാം. ബൂലോഗത്ത് സജീവമായവരും അല്ലാത്തവരുമായി 5 ലധികം ബ്ലോഗര്‍മാര്‍ ഞങ്ങളുടെ കൂടെയുണ്ട്. അവരെ ഒരൊരുത്തരെയായി സമയാസമയം പരിചയപ്പെടുത്താം..

              സാധാരണ പോല  ഒഴിവുദിവസമായ വ്യാഴവും വെള്ളിയുമാണ് മദ്രസ ഉണ്ടാവാറുളളത്.വെക്കേഷന്‍ ക്ലാസിന്റെ അവസാന പരിപാടിയായി  നൈറ്റ് കാമ്പ് വ്യാഴാഴ്ചയും പഠനയാത്ര വെള്ളിയാഴ്ചയുമാണ് തീരുമാനിച്ചിട്ടുള്ളത്.

          ഇനി നൈറ്റ് കേമ്പിലേക്ക് പോകാം.( ടെന്റു കെട്ടി, തീകൂട്ടി , ഒരുമിച്ച് ഭക്ഷണം ഒക്കെ ഉണ്ടാക്കി, ബഹളവും പാട്ടുമൊക്കെയായി.അങ്ങനെയൊന്നും ചിന്തിക്കല്ലെ, ഇതു സൗദിഅറേബ്യയിലെ കൊച്ചുകുട്ടികളുടെ ഒരു കേമ്പാണ്). കേമ്പില്‍ മുക്താര്‍ ഉദരം പോയില്‍ കുട്ടികള്‍ക്കായി രസകരമായ രീതിയില്‍ ക്ലാസും വിജ്ഞാനപ്രദമായ  കളികളും നടത്തി. സാജിദ് കൊച്ചിയും കുറച്ചു സമയം കുട്ടികളോട് സംവദിച്ചു.കൂടാതെ ബഷീര്‍ ഒളവണ്ണയും ഷരീഫ് പാലത്തും റസാഖ് മദനിയും  കുട്ടികളോടൊത്ത് ക്ലാസിനുണ്ടായിരുന്നു.

മുക്താര്‍ ഉദരംപൊയില്‍ കുട്ടികളോടൊത്ത്.മുക്താര്‍ ഉദരംപൊയിലിനെ ഞാന്‍ പരിചയപ്പെടുത്തണ്ടല്ലൊ..അദ്ദേഹത്തിന്റെ ഹായ് കൂയ് പൂയ്.. ഇവിടെ ക്ലിക്ക് ചെയ്യു  


സാജിദ് കൊച്ചി കുട്ടികള്‍ക്കായി പുതിയൊരു കളിയുമായി..


 പ്രാര്‍ത്ഥനയില്‍...


ശേഷം ഭക്ഷണം...

   
              പിന്നെ  എല്ലാവരും കൂടി റഹിംക്കാന്റെ (റഹീം പന്നുര്‍) വീട്ടിലേക്ക്.അപ്പോഴെക്കും ഷറഫുക്കയും (ഷറഫു  നാട്ടിക) റഹീംക്കയും എത്തിയിരുന്നു. കുട്ടികള്‍ റഹീംക്കാന്റെ വീട്ടിലും ശിഹാബ്ക്കാന്റെ വീട്ടിലുമായി കുളിയും തേവാരവുമെല്ലാം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നു. ഇഷ്ടമ്പോലെ സ്ഥലമുണ്ടെങ്കിലും എല്ലാവരും കൂടി ഒരു റൂമില്‍ കിടക്കാനായിരുന്നു കുട്ടികളുടെ ആഗ്രഹം. കുറേസമയം സംസാരിച്ചിരുന്നെങ്കിലും അവസാനം എല്ലാവരും കുറച്ചെങ്കിലും ഉറങ്ങി.

         വെള്ളിയാഴ്ച രാവിലെ എല്ലാവരും കുളിച്ചു റെഡിയായി, 6 മണിക്ക് മദ്രസയില്‍ നിന്ന് ബസ് പുറപ്പെടുമെന്നതിനാല്‍ എല്ലവരും അവിടെ എത്തിച്ചേര്‍ന്നു.പെണ്‍കുട്ടികളും  നൈറ്റ് കേമ്പില്‍ വരാത്ത ആണ്‍കുട്ടികളും ചില കുട്ടികളുടെ രക്ഷിതാക്കളും അവിടെ എത്തിയിരുന്നു.

      38-ഓളം കുട്ടികളും കുറച്ചു പേരും ഒരു മിനി ബസ്സിലും , പിന്നെ അയ്യുബ്ക്കാന്റെയും ഷബീര്‍ക്കാന്റെയും കാറില്‍ ബാക്കിയുള്ളവരും

       യാത്ര തുടങ്ങി, സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടു ടവറുകളുടെ അടുത്തുകൂടിയാണ് ഞങ്ങള്‍ക്ക് പോകേണ്ടത്. ഫൈസലിയ്യ ടവറും കിംഗ്ടം ടവറും. ഫൈസലിയ്യ ടവറിന്റെ അടുത്തുനിന്നും റസാഖ് ഭായിയെയും കൂട്ടിവേണം പോകാന്‍

‌‌യാത്രക്കിടയില്‍.. രണ്ടുഭാഗവും പരന്നുകിടക്കുന്ന മരുഭൂമി മാത്രം..


സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ കിംഗ്ഡം ടവര്‍. 311 മീറ്റര്‍ ഉയരമുള്ള ഈ ഗോപുരത്തിനു ഉയരത്തിന്റെ കാര്യത്തില്‍  ലോകത്തില്‍ നാല്പത്തഞ്ചാം (45) സ്ഥാനമുണ്ട്

           അങ്ങനെ വെയില്‍ അധികം ചൂടാകുന്നതിനു മുന്‍പുതന്നെ ഞങ്ങള്‍ ഹുറൈമലയിലെത്തി.

ഫാമിന്റെ ചുറ്റുമതില്‍


ഫാമിന്റെ ഗേറ്റുകളിലൊന്ന്


എല്ലാവരുംകൂടി ഫാമിനുള്ളിലേക്ക്....ഫുട്ബോള്‍, കബടിയൊക്കെ കളിക്കാനുള്ള തയ്യാറെടുപ്പോടെയാണ് വരവ്


ഫാമിലെ ആടുകള്‍...


അയ്യൂബ്ക്കയും ബഷീര്‍ക്കയും പഴുത്തു പാകമായി നില്‍ക്കുന്ന കാരക്കമരത്തിനരികില്‍...


ഫോട്ടോ സെഷന്‍: ബഷീര്‍ ഒളവണ്ണ, റഹിം പന്നൂര്‍, റസാഖ് മദനി, മുക്താര്‍ ഉദരം‌പൊയില്‍, സാജിദ് കൊച്ചി.
സാജിദ് കൊച്ചിയുടെ ബ്ലോഗിലെത്താന്‍ ഇവിടെ ക്ലിക്കാം  


ഈന്തപനകള്‍ കണ്ട് നടക്കുമ്പോഴാണ് കുട്ടികള്‍  4 വീല്‍ ബൈക്കുകള്‍ കണ്ടത്. പിന്നെ കുട്ടികളുടെയും ഞങ്ങളുടെയും ആവേശം ബൈക്കിലേക്കായി... മുക്താറും ബഷീര്‍ ഒളവണ്ണയും കുട്ടികളും..



ഭൂരിപക്ഷം പേര്‍ക്കും ബൈക്ക് റൈഡിംഗ് ഒരു നവ്യാനുഭവമായിരുന്നു...


ഞാനും റസാഖ് മദനിയും.ഇദ്ദേഹത്തിന്റെ ബ്ലോഗിലേക്ക്  ഇവിടെ ക്ലിക്കൂ                          


എല്ലാവരും വണ്ടിയൊക്കെ ഓടിച്ച ശേഷം കുട്ടികളുടെ പാട്ടുകളും മറ്റു കലാ പ്രകടനങ്ങളും ,റസാഖ് മദനിയുടെ  ആവേശകരമായ ക്വിസ്സും മുക്താറിന്റെ രസകരമായ മത്സരങ്ങളും വിശ്രമഹാളില്‍..


കുറച്ചുസമയം വിശ്രമം..


 ഫാമിനുള്ളിലെ പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച  വിശ്രമസ്ഥലത്തിനു മുമ്പില്‍ നിന്നും ഒരു ഫോട്ടോ. ഷംസുദ്ദീന്‍ കണ്ണുര്‍, ബഷീര്‍ ഒളവണ്ണ, ഷബീര്‍, ഞാന്‍, മുക്താര്‍


ടി ടി റസാഖും ഫാം നടത്തിപ്പുകാരന്‍ ഹമീദും...


ഷബീറും ടി. ടി. റസാഖും.
റസാഖ് ഭായിയുടെ ബ്ലോഗിലേക്ക്ഇവിടെ ക്ലിക്ക് ചെയ്യു


എന്റെ ഊഴം..മുക്താര്‍ സമീപം...                   


കുട്ടികളും ഒട്ടകത്തോടൊപ്പം..ഫാമിലെ ബംഗാളി സമീപം


           നേരം വൈകുന്നേരമായി, ഇരുട്ടുന്നതിനു മുന്‍പ് മടങ്ങിയെത്തണം. ക്ഷീണത്തോടെയാണെങ്കിലും സന്തോഷത്തോടെ ഇനിയും കാണാമെന്ന പ്രതീക്ഷയോടെ മടക്കം....
 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com