ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വയനാടൻ കാഴ്ചകൾ - കുറുവാദ്വീപ്, തോല്പെട്ടി

   
         വയനാടിലേക്ക് പലപ്രാവശ്യവും പോയിട്ടുണ്ടെങ്കിലും അതലധികവും വയനാട്ടിലൂടെയുള്ള യാത്രകൾ മാത്രമായിരുന്നു. കാരണം ഞങ്ങൾക്ക് മൈസൂർ, ബാംഗ്ലൂർ എന്നിവടങ്ങളിലേക്കും ചിലപ്പോൾ ഊട്ടിയിലേക്കു  പോകുമ്പോഴും വയനാട് വഴി തന്നെ പോകണം. അതു കാരണം വയനാട് അടുത്താണെങ്കിലും വയനാടൻ കാഴ്ചകൾ പലപ്പോഴും  താമരശ്ശേരി ചുരവും മറ്റും മാത്രമായി ഒതുങ്ങുന്നു.



         വയല്‍ നാട് ആണത്രെ ലോപിച്ചു വയനാടായത്.വളരെയധികം പ്രത്യേകതകളുള്ള വയനാടിൽ കാണാനായി പല  സ്ഥലങ്ങളുമുണ്ട്സൂചിപ്പാറ വെള്ളച്ചാട്ടം, എടക്കൽ ഗുഹ, പൂക്കോടുതടാകം, ….. പ്രധാനപ്പെട്ട രണ്ടു വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളായ മുത്തങ്ങയും തോല്പെട്ടിയും വയനാട്ടിലാണു. ഞങ്ങളുടെ യാത്ര തോൽപ്പെട്ടിയിലേക്കും കാരാപ്പുഴ ഡാമിലേക്കും കുറുവ ദ്വീപിലേക്കുമായിരുന്നു.


                  രാവിലെ തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. ഒരു വാനിലാണു  യാത്ര. വയനാടു ചുരവും (താമരശ്ശേരി ചുരം)  മറ്റു ചില കയറ്റങ്ങളും ദുർഘട റോഡുകളുമുള്ളതിനാൽ  ദൂരം അധികമില്ലെങ്കിലും സമയം അധികമെടുക്കും.കുറേ സമയത്തെ യാത്രക്കു ശേഷം ഞങ്ങള്‍ ചുരത്തിനടുത്തെത്തി. പ്രഭാത ഭക്ഷണം അവിടെ നിന്നും കഴിച്ചു ഞങ്ങള്‍ ചുരം കയറിത്തുടങ്ങി. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ഈ മനോഹര മലമ്പാതക്ക് 12 കിലോമീറ്ററോളം നീളത്തില്‍ ഒമ്പതു ഹെയര്പിന്‍ വളവുകളുണ്ട്. സാവധാനത്തില്‍ കാഴ്ചകളും കണ്ടു വണ്ടി മുകളിലേക്ക് പോവുകയാണു. പലപ്പോഴും ഇറക്കമിറങ്ങിവരുന്ന വണ്ടികള്‍ മുകളിലേക്കുപോകുന്ന വണ്ടികള്‍ക്ക് പാതയൊരുക്കാന്‍ വേണ്ടി അരികിലേക്കു ചേർത്തു നിര്‍ത്തിയിരിക്കുന്നു. രണ്ടു ഭാഗത്തും മനോഹരമായ കാഴ്ചകള്‍, മുകളിലേക്കു പോകുംതോറും കാഴ്ചകളുടെ മാറ്റും തണുപ്പും കൂടിക്കൂടി വരുന്നു.ചുരത്തില്‍  ഒരിടത്തു വണ്ടി നിര്‍ത്തി, ഇവിടെയുള്ള കുരങ്ങുകള്‍ മനുഷ്യരുമായി നല്ല ഇണക്കത്തിലാണു.  ഭക്ഷണത്തിനും മറ്റുമായി അവ നമ്മുടെ അടുത്തേക്കു വരും.ചുരത്തിനു മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്.





        ചുരത്തിന്റെ മുകളിലെത്തുമ്പോള്‍ അവിടെ ഒരു ചെങ്ങല മരം കാണാം. മുമ്പു കാലത്തു ബ്രിട്ടീഷുകാര്‍ക്ക് ഈ വഴി കാണിച്ചു കൊടുത്ത കരിന്തണ്ടന്‍ എന്ന ആദിവാസിയുവാവിനെ അവര്‍ കൊന്നു കളഞ്ഞത്രെ. കരിന്തണ്ടന്റെ ആത്മാവ് പിന്നെ ഇതിലൂടെയുള്ള യാത്രക്കാരെ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നും ഒരു മന്ത്രവാദി അതിനെ തളച്ചു ഈ മരത്തില്‍ ചെങ്ങലക്കിട്ടതാണെന്നുമാണു വിശ്വാസം.




         ചുരക്കാഴ്ചകള്‍ക്കു ശേഷം കുറുവാദ്വീപിലേക്കാണു അടുത്ത യാത്ര.950  ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ഒരു ഹരിത വനമാണു കുറുവാദ്വീപ്.ചെറിയ ചെറിയ വളരെയധികം ദീപുകള്‍ കൂടിയ ഒരു ദ്വീപസമൂഹം, കബനിപ്പുഴയുടെ സൗന്ദര്യം കൂടിയാകുമ്പോള്‍ ഇതു സന്ദര്‍ശകര്‍ക്ക് കണ്ടു മതിയാകാത്ത കാഴ്ചായായി മാറുന്നു. മാനന്തവാടിയില്‍ നിന്നും 20 കിലോമീറ്ററില്‍ താഴെ ദൂരം മാത്രം.



          ടിക്കറ്റെടുത്ത് ഒരു ചെറിയ ബോട്ടില്‍ അവര്‍ നമ്മളെ കബനിപ്പുഴ കടത്തിതരും. നല്ല ഒഴുക്കുള്ള വെള്ളത്തിലൂടെ ലൈഫ് ജാക്കറ്റൊക്കെ ധരിച്ചുള്ള യാത്ര ആവേശകരം. നല്ല വേനല്‍ കാലത്താണെങ്കില്‍ പലയിടങ്ങളിലും നമ്മള്‍ക്ക് നടന്നു തന്നെ അടുത്ത ദ്വീപിലെത്താം.മനുഷ്യവാസമില്ലാത്ത ദ്വീപില്‍ സന്ദര്‍ശകരെയല്ലാതെ ഒന്നു രണ്ടു കുരങ്ങന്മാരെ മാത്രമാണു കണ്ടത്.
   പുഴകടക്കാന്‍ ചിലയിടത്ത് ചെങ്ങാടവുമുണ്ട്. ഇടക്ക് മരം കൊണ്ടൂണ്ടാക്കിയ പാലങ്ങളും. നഗരത്തിരക്കില്‍ നിന്നും അകലെ ശാന്തമായ അന്തരീക്ഷത്തില്‍ സുന്ദരമായ കാഴ്ചകള്‍ കണ്ടും ഫോട്ടോകളെടുത്തും കുറേ സമയം. 


(കുറുവാ ദ്വീപിൽ നിന്നും)
 
       അടുത്ത ലക്ഷ്യം  തോല്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രമാണു.  നേരെ അടുത്ത ലക്ഷ്യത്തിലേക്ക്.

           തോല്പെട്ടിയിൽ രാവിലെയും വൈകുന്നേരവുമാണൂ  സന്ദർശന സമയം. ചെറിയ കാറുകളെയും അതുപോലുള്ള ചെറിയ വാഹനങ്ങളും അകത്തേക്ക് കടത്തിവിടില്ല.  അവിടെ കാഴ്ചകൾ കാണിക്കാനായി ജീപ്പുകളും ഗൈഡുകളും ലഭ്യമാണു.
ഞങ്ങളും ഒരു ജീപ്പെടുത്താണു യാത്ര തുടർന്നത്. കാട്ടിലൂടെ രണ്ടു ഭാഗത്തെയും പലതരത്തിലുള്ള കാടുകൾ കണ്ടു കൊണ്ടാണു യാത്ര, ചിലയിടത്ത് വലിയ മരങ്ങളും പുൽമേടുകളുമൊക്കെയായിട്ടായിരിക്കും, ചിലയിടത്ത് വനത്തിനുള്ളിലേക്ക് അധികം കാണാൻ കഴിയാത്ത വിധത്തിൽ ചെടികളും വള്ളികളുമൊക്കെയായി നിബിഡവനം. യാത്രയിൽ പല മൃഗങ്ങളെയും കണ്ടു. മാനുകളെയും പലതരം കുരങ്ങുകളെയും, പക്ഷികളെയും, മലയണ്ണാനെയും  ഒക്കെ, ചെടികൾക്കിടയിലൂടെയാണെങ്കിലും കുറച്ചു പേർക്ക് ആനയെയും കാണാൻ പറ്റി.ഇത്രയൊക്കെ കാഴ്ചകൾ കാണാൻ പറ്റിയതുതന്നെ ഭാഗ്യമാണെന്നാണു കേട്ടത്.







  

 


         സമയം വൈകുന്നേരമായിക്കഴിഞ്ഞു. ഇനി പോകുന്ന വഴിയിൽ കാരാപ്പുഴ ഡാം കൂടി കണ്ടിട്ടു മടങ്ങണം. മടക്കത്തിൽ ഒരിടത്തു വണ്ടി നിർത്തി ഞങ്ങൾ കൊണ്ടുവന്നിരുന്ന ഭക്ഷണം ഒരു വനത്തിലിരുന്നു തന്നെ കഴിച്ചു, അടുത്തുള്ള അരുവിയിൽ നിന്നും കൈ കഴുകി കാട്ടിലെ വീണുകിടക്കുന്ന മരത്തിലും കല്ലുകളിലും മറ്റുമായിരുന്നു വിശാലമായ ഭക്ഷണത്തിനു ശേഷം അടുത്ത കാഴ്ചയിലേക്ക്.
    കുറെ സമയത്തെ യാത്രക്കു ശേഷം ഡാമിലെത്തി, പക്ഷെ അപ്പോഴേക്കും നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു.  അതിലൂടെ ഒക്കെയൊന്നു കറങ്ങിയപ്പോഴേക്കും സമയം വളരെ ഇരുട്ടിക്കഴിഞ്ഞിരുന്നു. പിന്നെ മടക്കം.

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com