ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















യാത്രാ വിവരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
യാത്രാ വിവരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂൺ 12, ചൊവ്വാഴ്ച

മരുഭൂമിയുടെ ഉൾക്കാട്ടിലേക്ക് - ദഹന ഡെസെർട്ട്




     


  “I have always loved the desert. One sits down on a desert sand dune, sees nothing, hears nothing. Yet through the silence something throbs, and gleams...”
― Antoine de Saint-Exupéry, The Little Prince





                    ഞങ്ങളുടെ ഈ യാത്ര മരുഭൂമിയിലേക്കാണു.
വ്യാഴാഴ്ച ഉച്ചക്ക് ഞങ്ങൾ യാത്ര തുടങ്ങി. റിയാദിൽ നിന്നും 100 കിലോമീറ്ററോളം ദൂരെയുള്ള റൗദത്ത് ഖുരീം വഴിയാണു യാത്ര.  വഴിയിൽ ഒരു പെട്രോൾ പമ്പിലാണു എല്ലാവരും ഒത്തു കൂടാൻ തീരുമാനിച്ചിരിക്കുന്നത്.  ആദ്യം വഴിയിലെ ഒരു സൂപ്പർ മാർക്കെറ്റിൽ നിന്നും വെള്ളവും ഭക്ഷണം തയ്യാറാക്കാനുള്ള സാധനങ്ങളുമൊക്കെ വാങ്ങി എല്ലാവരും കൂടി യാത്ര തുടങ്ങി.


       അധികം വൈകാതെ റൗദത്ത് ഖുറീമിലെത്തി.ഇവിടെ ഞാൻ മുമ്പും വന്നിട്ടുണ്ട്.  അത്യാവശ്യം മഴ ലഭിക്കുന്ന വർഷങ്ങളിൽ പൂർണ്ണമായും പച്ച പുതച്ചു കിടക്കുന്നതും പൂക്കളാലും മറ്റും  വളരെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന് സ്ഥലമാണിത്. പക്ഷെ ഈ വർഷങ്ങളിൽ മഴ കുറവായതിനാൽ അതിന്റെ പൂർണ്ണ സൗന്ദര്യത്തിലേക്ക് റൗദത്ത് ഖുറീം എത്തിയിട്ടില്ല. എങ്കിലും പ്രകൃത്യാലുണ്ടാക്കുന്ന ചെറിയ മരങ്ങളുടെയും ചെടികളുടെയും സൗന്ദര്യം നുണയാൻ ഇവിടെ കാമ്പ് ചെയ്യാനും കാണാനുമൊക്കെയായി വളരെ ആളുകൾ എത്തിയിട്ടുണ്ട്.

               പക്ഷെ ഞങ്ങളൂടെ ലക്ഷ്യം ഇനിയും അകലെയാണു.  പച്ചപ്പിലൂടെ കുറച്ചു സമയം കൂടി യാത്ര തുടർന്നു. ഇവിടെ നിന്ന് പെട്ടന്ന് മരുഭൂമി തുടങ്ങുകയാണു. പച്ചപ്പിന്റെയൊ ചെടികളുടെയോ കാഴ്ചകൾ ഇനിയങ്ങോട്ടു അപൂർവ്വ കാഴ്ചകളായിരിക്കും.

                   അതി മനോഹരമായ ചുവന്ന മണൽ കൂനകൾ. സൗന്ദര്യവും അതിനൊപ്പം അപകടകരവുമായ  ഇത്തരം മണൽ കൂനകളിലൂടെയാണു ഇനിയുള്ള യാത്ര മുഴുവൻ. 
നാലു ഫോർ വീൽ  ഡ്രൈവ് കാറുകളിലാണു ഞങ്ങൾ  13 പേർ.  ആദ്യം തന്നെ വണ്ടികളിലെ  ടയറിലെ പ്രെഷർ കുറച്ചു മണലിലൂടെ യാത്ര ചെയ്യാവുന്ന രീതിയിലാക്കി.


           യാത്ര തുടർന്നു, അല്ലെങ്കിൽ തുടങ്ങി എന്നു പറയാം.  ചെറുതും വലുതുമായ മണൽ കുന്നുകളിലൂടെ (Sand Dunes ) പതുക്കെ പതുക്കെ.......
             മരുഭൂമിയിലൂടെയുള്ള ഡ്രൈവിംഗ് സാധാരണപോലെയല്ല . മരുഭൂമിയിലൂടെ വണ്ടിയോടിച്ചു പരിചയമായവർ വളരെ രസകരമായി ഓടിക്കും.  ഇടക്കിടക്ക് കയറ്റങ്ങളിലും മറ്റും പലപ്പോഴും വണ്ടി കുടുങ്ങി. ഏതു വണ്ടി നിന്നാലും മിക്കപ്പോഴും എല്ലാവരുടേയും സഹായം കൊണ്ടേ അവിടെ നിന്നും രക്ഷപ്പെടാൻ കഴിയുന്നുള്ളൂ.. കുറച്ചു പ്രാവശ്യം മറ്റു കാറിൽ കെട്ടി വലിച്ചു കയറ്റേണ്ടിയും വന്നു.





                കുറേ ദൂരം വിശാലമായ മരുഭൂമിയിലൂടെ യാത്ര ചെയ്ത ശേഷം രാത്രി കേമ്പ് ചെയ്യാൻ സൗകര്യമുള്ള ഒരു സ്ഥലത്ത് നിർത്തി.  സമയം ഏകദേശം ഇരുട്ടിത്തുടങ്ങിയിട്ടൂണ്ട്. സമയം പൂർണ്ണമായും ഇരുട്ടുന്നതിനു മുൻപു തന്നെ ടെന്റ് കെട്ടി.
            യാത്ര തുടരുന്നതിനു മുമ്പ് ഒരു മുഴുവൻ രാത്രി ബാക്കിയുണ്ട്.  ഭക്ഷണം റൊട്ടിയും (ഖുബ്സ്) കോഴിചുട്ടതുമാണു തീരുമാനിച്ചിരുന്നത്. അധികം തണുപ്പൊന്നുമില്ല, എങ്കിലും ഭക്ഷണം പാകം ചെയ്യാനും മറ്റും തീ കൂട്ടാനായി കുറച്ചു പേർ വിറക് തേടിപ്പോയി.    താഴ്ന്നയിടങ്ങളിൽ നിന്നും ലഭിച്ച  ഉണങ്ങിയ ചില ചെടികളും പിന്നെ കരിയും ഒക്കെ ഉപയോഗിച്ച്  കോഴി ചുടലാരംഭിച്ചു. അതൊടൊപ്പം ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു..
 ഞാൻ ഇവരുടെ കൂടെ ആദ്യമായാണു വരുന്നത്, യാത്ര ക്കിടയിൽ പല വണ്ടികളിലായതിനാൽ എല്ലാരും ഒരുമിച്ചു കൂടുന്നത് ഇപ്പോഴാണു. നാട്ടിൽ നിന്നുള്ള 3  പേരൊഴിച്ച് (നൗഫൽ, സനോജ്, ഷാഹിദ് ഇരുവേറ്റി)ബാക്കിയുള്ളവരെല്ലം എന്നെ സംബന്ധിച്ച് പുതിയവരാണു.  മരുഭൂമിയിലെ ശാന്തതയിൽ ചായയും കുടിച്ച് കോഴി വേവുന്നതു വരെ  സല്ലാപം....


                 മരുഭൂമിഹ്ടെ നിശ്ശബ്ദതയെ ഭേതിക്കുന്നത് സുഖകരമായ  ഇളം കാറ്റുമാത്രം.. ഞങ്ങളുടെയല്ലാതെ വേറെ ഒരു ജീവികളുടെയോ യന്ത്രങ്ങളൂടെയോ ശബ്ദം കേൾക്കാനില്ല.  ചുവന്ന മണൽ തരികളാലുണ്ടാകുന്ന ചെറിയ ചെറിയ കുന്നുകൾ.കണങ്കാൽ വരെ  പൂഴ്ന്നു പോകുന്ന മണലിലൂടെ  നടന്നു അതിനു മുകളിൽ പോയിരുന്നാൽ നോക്കെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണൽ കൂനകൾ! ഒരേ വലുപ്പത്തിലുള്ള ചെറിയ മൺതരികൾ കാണുമ്പോൾ  അരോ മണൽ ഒരേ വലിപ്പത്തിൽ തരിച്ചെടുത്ത് വൃത്തിയാക്കി  കൂട്ടിയിട്ടതുപോലെ...


              ഭക്ഷണ ശേഷം ഞങ്ങൾ ടെന്റിനുള്ളിലേക്ക് പോയി.  തണുത്ത കാറ്റ് അഅധികരിക്കുന്നുണ്ട്.  .  കുറേ സമയം കൂടി കഴിഞ്ഞതിനു ശേഷം എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. കുറച്ചു പേർ ടെന്റിലും ബാക്കിയുള്ളവർ വണ്ടിയിലെ സീറ്റ് നിവർത്തിയിട്ടു അതിലുമായി കിടന്നു.  മരുക്കാട്ടിലെ കാറ്റിന്റെ ശബ്ദത്തിന്റെയും തണുപ്പിന്റെയും തലോടലിൽ സ്ലീപിംഗ് ബാഗിന്റെ ചൂടിൽ സുഖമായൊന്നുറങ്ങി.


            രാവിലെ ചുട്ട പഴവും ബ്രെഡും ജാമും തേനും ചീസുമൊക്കെയായി ലഘുഭക്ഷണം കഴിച്ച് യാത്ര തുടർന്നു.


              പ്രാഥമിക കർമ്മങ്ങൾ വിശാലമായ സൗകര്യങ്ങലോടെ തന്നെ! എത്ര കുറച്ചു വെള്ളം മതി നമ്മുടെ ആവശ്യങ്ങൾക്കെന്നത് അനുഭവിച്ചറിഞ്ഞ കാര്യമായിരുന്നു.  ഇവിടെ നിന്നും വെള്ളം ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ ദൗർലഭ്യത്തെക്കാളും മനസ്സിലേക്കു വന്നത്  സാധാരണ എത്രവെള്ളമാണു നമ്മൾ പാഴാക്കിക്കളയുന്നതെന്ന ചിന്തയാണു.
         
                അനന്തതയിലേക്കു പരന്നുകിടക്കുന്ന മരുഭൂവിലൂടെ  പുതിയ കാഴ്ചകൾ കണ്ടു വരിവരിയായി യാത്ര തുടർന്നു.
ചിലയിടങ്ങളിൽ  വളരെ ദൂരം അധികം കയറ്റിറക്കങ്ങളില്ലാതെ, ചിലയിടങ്ങളിൽ കൂടുതൽ പൂഴ്ന്നുപോകുന്ന തരം മണലാണു. അത്തരം സ്ഥലങ്ങളിൽ വണ്ടി സ്പീഡ് കുറഞ്ഞാൽ തന്നെ അവിടെ കുടുങ്ങും. പിന്നെ മറ്റുള്ളവരുടെ സഹായമില്ലാതെ രക്ഷയില്ല. GPS അല്ലാതെ വഴിയറിയാൻ വേറെ മാർഗ്ഗങ്ങളോ  ട്രാക്കുകളോ അടയാളങ്ങളോ ഒന്നുമില്ല .  നമ്മൾ കടന്നുപോകുന്ന ട്രാക്ക് കുറച്ചു സമയത്തിനുള്ളീൽ തന്നെ കാറ്റു മായ്ച്ചു കളഞ്ഞു പഴയപോലെ ആക്കിയിരിക്കും.



              യാത്രക്കിടയിൽ ഞങ്ങൾ അധികം ജീവികളെ യൊന്നും  കണ്ടില്ല, മരുഭൂമിയിൽ ജീവിക്കുന്ന ജീവികളെകുറിച്ച് വായിച്ചതും കേട്ടറിഞ്ഞതുമെല്ലാം വെച്ചു എന്തിനെയെങ്കിലും ഒന്നു കാണാൻ ആഗ്രഹമുണ്ട്.


                 പെട്ടന്നു മുന്നിലെ വണ്ടി സ്പീഡ് കുറച്ചതു കണ്ടപ്പോഴാണുൊരു പക്ഷിയെ കണ്ടത്. മരുഭൂമിയിൽ കാണപ്പെടുന്ന മൂങ്ങയാണത്രെ ഇത്.


             കുറെ ദൂരം കൂടി യാത്രചെയ്തപ്പോൾ കുറച്ചു ഒട്ടകങ്ങളെ ക്ണ്ടു, അല്പം കൂടി മുന്നോട്ടു പോയപ്പോൾ   ഇവയുടെ ഉടമസ്ഥരെയും .





                   ഇവർ (തലക്കെട്ടു ധരിച്ചവർ) ഇവിടെ ജീവിക്കുന്നവരാണു,ചെറുപ്പകാരായ രണ്ടു തോപ്പു ധരിച്ചവർ ഒട്ടകങ്ങളുടെ ഉടമസഥരും  ചുവന്ന കോട്ടു ധരിച്ചയാൾ(ഏതോ ആഫ്രിക്കൻ രാജ്യക്കരനാണു )  ഒട്ടകങ്ങളെ നോക്കുന്നവനുമാണു. ഈ മരുഭൂമിയിലാണു അവരുടെ ജീവിതം, വെള്ളിയാഴ്ചകളിലോ അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ ദിവസം കൊണ്ടുവരുന്ന റൊട്ടിയും സാധനങ്ങളുമുപയോഗിച്ചാണു ഇവരെപോലുള്ളവർക്ക് ബാക്കി ദിവസങ്ങൾ തള്ളി നീക്കാൻ." ആടു ജീവിത " ത്തിലും മറ്റും കേട്ടറിഞ്ഞ ഹതഭാഗ്യർ ഇവരെ പോലുള്ളവരായിരിക്കും... അവർ അപ്പോ കറന്നെടുന്ന ഒട്ടകപ്പാലുമായിട്ടു നിൽക്കുന്ന സമയത്താണു ഞങ്ങൾ അവിടെ എത്തിയത്. അതിനാൽ ഞങ്ങൾക്കും അവർ ഒരു വലിയ പാത്രത്തിൽ കുറച്ചു പാലുതന്നു. 


               അവരോടൊത്ത് കുറച്ചു സ്മയം ചിലവഴിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു. അടുത്ത റോഡിലേക്ക് ഇനി അധികം ദൂരമില്ല എന്നു മാപ്പിൽ കാണിക്കുന്നുണ്ട്.  റോഡിലെത്തിയ ശേഷം വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളിയിലേക്ക് വിട്ടു.  അങ്ങനെ വളരെ യാത്രചെയ്തു പരിചയമുള്ള ആളുകളോടൊപ്പം ഒരു അനുഭവസമ്പന്നമായ  മരുഭൂയാത്രയും കഴിഞ്ഞു മടക്കം...  പലപ്പോഴും പലയാത്രയിലും റോഡിനിരുവശവുമായി കാണുന്ന  മരുഭൂമിയുടെ കാഴ്ചകൾ മനസ്സിനെ വല്ലാതെ  മോഹിപ്പിച്ചിരുന്നു. അതിനെ ഉൾനിറഞ്ഞു കാണാൻ കഴിഞ്ഞുവെന്ന സന്തോഷത്തോടെ.....


നന്ദി

2011 നവംബർ 19, ശനിയാഴ്‌ച

റഗ്ബാ - ഒരു പഴയ അറേബ്യൻ പട്ടണത്തിലേക്കൊരു യാത്ര

(മർഖബ് ടവർ)
        
             പെരുന്നാൾ അവധിയിലെ അവസാന ദിനങ്ങളൊന്നിൽ എന്തു ചെയ്യും എന്ന ചിന്തയാണു വല്ല ട്രിപ്പുമാവാം എന്ന തീരുമാനത്തിലെത്തിച്ചത്. ഒരു ദിവസം കൊണ്ടു പോയി കാണാൻ പറ്റിയ സ്ഥലങ്ങളെ കുറിച്ചുള്ള ആലോചനകൾ നാട്ടുകാരൻ കൂടിയായ നൗഫൽക്കയുടെ വെബ്സൈറ്റിലെത്തിച്ചു(ഇവിടെ ക്ലിക്കു ചെയ്താൽ അദ്ദേഹത്തിന്റെ www.splendidarabia.com  എന്ന വെബ്സൈറ്റിലെത്താം .). അങ്ങനെയാണു ചരിത്രപരമായ പ്രത്യേകകളുള്ള റഗ്ബയിലേക്കാവാമെന്ന് തീരുമാനിച്ചത്.


               റിയാദിൽ നിന്നും 120 കിലോമീറ്ററോളമൂണ്ട് ഇവിടേക്ക്.  ഞങ്ങൾ അഞ്ചു വണ്ടികളിലായി കുറേ പേരുണ്ട്.അധികം ദൂരമൊന്നുമില്ലെങ്കിലും മലകൾക്കിടെയിലൂടെയും താഴ്വരയിലൂടെയുമൊക്കെയുള്ള യാത്ര ഒരു ദൂരയാത്രയുടെ പ്രതീതിയുണ്ടാക്കി. യാത്ര തുടങ്ങി അധികം വൈകാതെ തന്നെ അവിടെയെത്തി.  ഭക്ഷണമൊക്കെ വാങ്ങിയാണു വന്നത് എന്നതിനാൽ ആദ്യം തന്നെ ഭക്ഷണം കഴിക്കാനൊരുങ്ങി. നല്ല കാലാവസ്ഥയാണു. തണുപ്പു തുടങ്ങിയിട്ടില്ലാത്തതിനാൽ  ചൂടും തണുപ്പുമില്ല.  അവിടെ ഒരു മരത്തണലിലിരുന്ന് ഭക്ഷണം.
ശേഷം കാഴ്ചകളിലേക്ക്...


                    പഴയ കാലത്തെ വീടുകളിലേക്കാണു ആദ്യം പോയത്. ഇവിടെ മഴ അധികം ലഭിക്കുന്ന സ്ഥലമായതിനാൽ വളരെ കൃഷി നടന്നിരുന്ന സ്ഥലമാണത്രെ.ഇങ്ങോട്ടുള്ള യാത്രക്കിടയിൽ പലയിടങ്ങളിലും വശങ്ങളിൽ പല ഫാമുകളും കണ്ടിരുന്നു. അധികം മഴ പെയ്യുന്നതിനാൽ തന്നെ പഴയ കെട്ടിടങ്ങളൊക്കെ മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതൽ തകർന്നിട്ടുണ്ട്.


  ആദ്യം കയറിയ വീട്ടിൽ തന്നെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ ഒരു കിണർ, അതും  വെള്ളമുള്ളത്! സൗദിയിൽ പഴയകാലത്തു ഉപയോഗിച്ചിരുന്ന കിണർ ചില ഫാമുകളിൽ കണ്ടിട്ടുണ്ട്. പക്ഷെ അതിലൊന്നും ഇപ്പോ വെള്ളം കാണില്ലെന്നു മാത്രമല്ല, വളരെ ആഴമുള്ളവയുമായിരിക്കും. ഇതു വളരെ ആഴം കുറഞ്ഞ നാട്ടിലെ കിണർ പോലെയുള്ളവ.  അതു കഴിഞ്ഞു അടുത്ത കെട്ടിടത്തിലും ഇതു പോലെ മറ്റൊരു കിണർ. മണ്ണും കല്ലുമുപയോഗിച്ചുണ്ടാക്കിയ ഇത്തരം പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽകൂടി നടന്നപ്പോൾ കുറച്ചു സമയം കൊണ്ടു തന്നെ ഇതുപോലുള്ള നാലു കിണറുകൾ ഞങ്ങൾ കണ്ടു


(കിണറുകളിൽ പലതും ഇതുപോലെ നശിക്കാതെ കിടക്കുന്നു..)


(കിണറിലേക്കൊരു എത്തിനോട്ടം)




             ഇതുപോലെ ഇഷ്ടമ്പോലെ ചെറിയ വീടൂകൾ അപ്പുറത്തുമിപ്പുറത്തുമായി കാണാനുണ്ട്. പിന്നെ ഞങ്ങൾ പോയത്  അവിടെയുള്ള കോട്ടക്കുള്ളിലെ കാഴ്ചകളിലേക്കാണ്.



              ചരിത്രപരമായി 1669- ൽ സ്ഥാപിതമായ റഗ്ബക്ക് പ്രത്യേകതകളുണ്ട്.നജ്ദിൽ ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ "the call for returning to the basics of Islam" എന്ന പ്രസ്ഥാനത്തെ പിന്തുണക്കാനുള്ള ഇമാം മുഹമ്മെദ് ഇബ്നു സൗദിന്റെ പ്രഖ്യാപനമാണു ഇവിടെയുള്ള ചരിത്രപരമായ പ്രധാന സംഭവവികാസങ്ങൾക്കെല്ലാം കാരണമായതത്രെ. ഈ പ്രസ്ഥാനത്തെ റഗ്ബായിലെ ജനങ്ങൾ പിന്തുണച്ചു, അന്ധവിശ്വാസത്തിലും അനിസ്ലാമികമായ കാര്യങ്ങളുമായ കഴിഞ്ഞിരുന്നവരായിരുന്നു നജ്ദിലെ ജനങ്ങളിൽ മുഖ്യ പങ്കും.   1971-ൽ സദർ , അൽ വശം അൽ സുഫാരി എന്നീ ഭാഗങ്ങളിലുള്ളവർ റഗ്ബയിലുള്ളവരെ ഉപരോധിക്കുകയും അവരിൽ നിന്ന് വിലപ്പിടിപ്പുള്ള സാധങ്ങളും മറ്റും കൈവശപ്പെടുത്തുകയും ചെയ്തു. കുടെയുള്ളവരിൽ ചിലരും ഒറ്റിക്കൊടുത്തെങ്കിലും ദൈവാനുഗ്രഹത്താൽ മാത്രം രക്തച്ചൊരിച്ചിൽ നിന്നും അവർ രക്ഷപ്പെട്ടു.


                    ഇബ്രാഹിം പാഷയുടെ നേതൃത്വത്തിൽ നടന്ന തുർക്കികളുടെ നജ്ദ് ആക്രമണത്തിലാണു (Invasion of Nejd) റഗ്ബയിലെ കോട്ടകൾ തകർന്നതത്രെ.








(അതി മനോഹരമായി മണ്ണും കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടങ്ങൾ)


 

അൽതാലീ മസ്ജിദ്. മനോഹരമായ  മറ്റൊരു നിർമ്മിതി.



(മസ്ജിദിനു മുകളിലേക്ക് കോണിപ്പടിയും ഏറ്റവും മുകളിലേക്ക് കയറാൻ spiral staircase ഉം ഉണ്ട്)



(പള്ളിയുടെ താഴെനിന്നും ഒരു ഫോട്ടോ..)




(ഒരു മുറിക്കുള്ളിലെ അലങ്കാരങ്ങൾ)


           പള്ളിയുടെ താഴെയായി ഭൂമിക്കടിൽ ഒരു പ്രാർത്ഥനാ ഹാൾ വേറെയുമുണ്ട്.
 ഇവിടെയുള്ള കാഴ്ചകളിൽ ഏറ്റവും രസകരമായത് മർഖബ് ടവർ എന്നറിയപ്പെടുന്ന നിരീക്ഷണ ഗോപുരമാണ്. 22 മീറ്ററോളം ഉയരമുള്ള , മറ്റു കെട്ടിടങ്ങളെ പോലെതന്നെ മണ്ണും കല്ലുമുപയോഗിച്ചുണ്ടാക്കിയ ടവറിന്റെ ഉള്ളിലൂടെ മുകൾ ഭാഗം വരെ കയറാം. ആറു ഭാഗങ്ങളായിട്ടാണു ടവർ നിർമ്മിച്ചതെന്നു കാണാം. മുകളിൽ ഒരു മീറ്ററിൽ താഴെ മാത്രമെ വ്യാസമുള്ളൂ. 2 പേർക്ക് കഷ്ടിച്ചു നിൽക്കാനുള്ള സ്ഥലമേ മുകളിലുള്ളൂ. മുകളിലേക്കുള്ള കയറ്റവും അവിടെ നിന്നുള്ള കാഴ്ചയും ആവേശകരമാണു. മുകളിൽ നിൽക്കുമ്പോൾ കാറ്റിനാൽ ടവർ മെല്ലെ ആടുന്നുണ്ടോ എന്നു തോന്നും.


           കുറേ പേർ ടവറിനു മുകളിൽ കയറിയപ്പോഴെക്കും രാത്രിയായിക്കഴിഞ്ഞു. വിശാലമായി കിടക്കുന്ന ഇവിടം മുഴുവനായി കാണാൻ കുറേ സമയവും ഒരു ഫോർ വീൽ വണ്ടിയും വേണമെന്നാണു നൗഫൽക്കയിൽ നിന്നും അറിഞ്ഞത്. പറ്റുമെങ്കിൽ ഒരിക്കൽകൂടിയാകാമെന്ന ആഗ്രഹവുമായി മടക്കം......



2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച

മരുഭൂമിയിലെ പച്ചപ്പിലേക്ക്...





      ഫാമുകള്‍ മരുഭൂമിയിലെ പച്ചപ്പുകളാണ്,  അതുകൊണ്ടു തന്നെ അതിലേക്കുള്ള യാത്രകളാകട്ടെ, മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കുന്നതും..


     സൗദിഅറേബ്യയിലെ അവധി ദിവസമായ വെള്ളിയാഴ്ച്ച രാവിലെ കുറച്ചു കാരക്കയും സുലൈമാനിയും കുടിച്ചു  ഞങ്ങള്‍ യാത്രക്കിറങ്ങി.തണുപ്പു കാലം കഴിഞ്ഞു വരുന്നെയുള്ളു എന്നതിനാല്‍ ചെറുതായി തണുപ്പുണ്ട്. ഇവിടെ നിന്നും100 ല്‍ താഴെ കിലോമീറ്റര്‍ ദൂരം മാത്രമെയുള്ളു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഞങ്ങളവിടെയെത്തി.(വെള്ളിയാഴ്ച രാവിലെ റോഡുകളില്‍ തിരക്കു കുറവായിരിക്കും)


  ഫാം നടത്തുന്നവര്‍ മലയാളികളാണ്,  അവരുടെ റൂമിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. റൂമില്‍ നിന്നും ഭക്ഷണം, കുറച്ചു സ്പെഷ്യലായി  തന്നെ... കാടയും ഒട്ടകപ്പാലിലുണ്ടാക്കിയ പായസവും പാക്കിസ്ഥാനി പൊറോട്ടയുമൊക്കെയായി.... (ഒട്ടകങ്ങളുടെ നാടാണെങ്കിലും ഇവിടെ ഒട്ടകപ്പാലു ആദ്യമായാണ് ഞാന്‍ കഴിക്കുന്നത്, ഒട്ടകയിറച്ചി തന്നെ വളരെ കുറച്ചു പ്രാവശ്യം മാത്രമെ കഴിച്ചിട്ടുള്ളൂ. ഇവിടെ ഹോട്ടലുകളിലും മറ്റും ആടിന്റെയും കോഴിയുടെയും വിഭവങ്ങളാണ് അധികവും കാണാറ്).

        ഇവര്‍ക്കു രണ്ടു ഫാമുകളുണ്ട്. ഏകദേശം ഒരുകിലോമീറ്ററോളം ദൂരെയുള്ള ഫാമിലേക്കാണ് ഞങ്ങളാദ്യം പോയത്. പോകുമ്പോള്‍ തന്നെ ഇടക്കിടക്ക് പഴയ കാലങ്ങളിലെ കെട്ടിടങ്ങള്‍ കാണാം. മടക്കത്തില്‍ അവയിലൊന്നില്‍ കയറണം എന്നുദ്ദേശിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു.. ഇതു കുറച്ചു താഴ്ന്ന ഏരിയയാണ്, പണ്ടു ഇവിടെ ജലലഭ്യത ഉണ്ടായിരുന്നതിനാലാവണം ഇവിടെ പഴയ കുറെ വീടുകള്‍ കാണുന്നത്.
  ഞങ്ങള്‍ ലക്ഷ്യത്തിലെത്തി, ഇവിടെ ഫാമിലെ ജോലിക്കാരന്‍ ഒരു ഈജിപ്ഷ്യനാണ്.


       അറബികള്‍ക്ക് ഫാം വെറുമൊരുമൊരു വരുമാനോപാധിയല്ല, പകരം ഇതൊരു വിനോദോപാധികൂടയാണ്. ചിലപ്പോള്‍ അവര്‍ ആഴ്ചാന്ത്യങ്ങള്‍ ചിലവഴിക്കുന്നത് ഇത്തരം ഫാമുകളിലായിരിക്കും. (അത്തരം ദിവസങ്ങളില്‍ അവിടെയുള്ള ജോലിക്കാര്‍ക്കു പോലും പ്രവേശനം നിയന്ത്രിതമായിട്ടായിരിക്കും!)


 ഫാമിലെത്തി ആദ്യം കണ്ടത് ഒരു ചെറിയ സ്വിമ്മിംഗ്പൂളാണ്.  പക്ഷെ അതിനടുത്തു കണ്ട കൗതുകരമായ കാഴ്ച  എല്ലാവരുടെയും  ശ്രദ്ധയെ അങ്ങോട്ടു തിരിച്ചു. കല്ലും മണ്ണും കൊണ്ടുമാത്രമുണ്ടാക്കിയ പഴയ കാലത്തെ കിണര്‍!! കിണറിന്റെ താഴേക്ക് കാണാന്‍ പറ്റാത്തത്ര ആഴമുണ്ട്.
(കാമറയിലാണ് ഇത്രയെങ്കിലും കാണാന്‍ പറ്റിയത്...)






  ഫാമിലെ ക്റ്ഷികള്‍ കേബേജും ഉള്ളിയും മറ്റു ചെടികളുമാണ്(അറബി പേരുകളായതിനാല്‍ മുഴുവന്‍ ഓര്‍മ്മിക്കുന്നില്ല...)കൂടാതെ അല്പം മുന്തിരിവള്ളീകളും അരികിലായി നട്ടിട്ടുണ്ട്.
 







 ഒരു ഗ്രൂപ്പ് ഫോട്ടോ..


ഫാമിലെ പ്രാവുകള്‍‍..



പശുക്കള്‍ക്കുള്ള തീറ്റ





ചെടികള്‍ക്കിടയിലൂടെ ചികഞ്ഞു നടക്കുന്ന
 കോഴികള്‍


 ഫാമിന്റെ നടത്തിപ്പുകാരനും സുഹ്റ്ത്തും

മടങ്ങുമ്പോള്‍ പഴയ ഒരു വീടിനടുത്തു വണ്ടി നിര്‍ത്തി. പഴയ കാലത്തെ അറബി വീടുകള്‍ ഇപ്പോഴുള്ള വീടുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് പെട്രോളിയം ഇവിടെ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാവുന്നത്. മണ്ണും കല്ലും മരവും മാത്രമുപയോഗിച്ചാണ് ഇവയും നിര്‍മ്മിച്ചിട്ടുള്ളത്. സൗദിയിലെ അതികഠിനമായ ചൂടിലും തണുപ്പിലുമൊക്കെ ഇത്തരം വീടുകളില്‍ ജീവിച്ചിരുന്നതെങ്ങിനെയാണാവോ..!

















          അടുത്ത ഫാമിലേക്കാണ് ഇനിയുള്ള യാത്ര.സമയം ഉച്ചയായിക്കഴിഞ്ഞു, ആദ്യം റൂമില്‍ പോയി ഭക്ഷണം കഴിക്കണം.ഉച്ചഭക്ഷണവും, ഒട്ടകബിരിയാണിയും മറ്റുമായി  ഒട്ടും മോശമായില്ല..... പിന്നെ അടുത്ത കാഴ്ചകളിലേക്ക്. ഈ ഫാമിലാണ് ഈന്തപ്പനകളും ആടുകളുമൊക്കെയുള്ളത്....
ആടിനൊരു ചുംബനം...

ഈന്തപ്പഴങ്ങളുണ്ടാകുന്നു.....


     അവിടെയും കുറേസമയത്തെ കറക്കം... പിന്നെ കുറച്ചു വിശ്രമം... അങ്ങനെ ഒരു കൊച്ചുയാത്രയും കൂടി അവസാനത്തിലേക്ക് ..പുതിയ കാഴ്ചകളുമായി  മനവും
(കാരക്കയും ആട്ടിറച്ചിയുമായി  വണ്ടിയും) നിറച്ചു  മടക്കം ..

2011 ജനുവരി 25, ചൊവ്വാഴ്ച

ഗൊല്‍ക്കൊണ്ടാ ഫോര്‍ട്ട്, ഹൈദരാബാദ്


       ആന്‍ഡ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നും 11 KM  ദൂരെയാണ് ഗൊല്‍കൊണ്ടാ ഫോര്‍ട്ട്. ഹൈദരാബാദിലെ കാഴ്ചകളില്‍ പ്രധാന കാഴ്ചയായ ഗൊല്‍കൊണ്ടാ ഫോര്‍ട്ടിന് ആട്ടിടയന്റെ കുന്ന് എന്നര്‍ത്ഥം വരുന്ന "ഗൊല്ല കൊണ്ടാ" എന്ന  തെലുഗു വാക്കില്‍നിന്നാണ്  ഗൊല്‍ക്കൊണ്ടാ എന്ന പേരുവന്നത് എന്നാണ് പറയപ്പെടുന്നത്.
(പുറത്തുനിന്നുള്ള കാഴ്ച)







കോട്ടക്കുള്ളിലെ ഒരു  മസ്ജിദ്



  പതിമൂന്നാം നൂറ്റാണ്ടില്‍ കഗാത്തിയ രാജാക്കന്മാരാണ് ഗൊല്‍ക്കൊണ്ടാ ഫോര്‍ട്ട് നിര്‍മ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. പിന്നീട്  ഏഴുകിലോമീറ്ററോളം ചുറ്റവില്‍ എട്ടു ഗേറ്റുകളും 87-ഓളം കൊത്തളങ്ങളുമൊക്കെയായി ഗ്രാനൈറ്റ് മതിലൊക്കെ നിര്‍മ്മിച്ച് ഇന്നത്തെ വമ്പിച്ച  രൂപത്തിലാക്കിയത് 62 വര്‍ഷത്തോളം നീണ്ട ഖുത്തുബ് ഷാഹി രാജാക്കന്മാരുടെ ഭരണകാലത്താണ്.


  മണിക്കൂറുകളെടുത്ത് നമ്മള്‍ കോട്ടക്കകം ചുറ്റിനടന്നു കാണുമ്പോള്‍ അതിനകത്തെയും പുറത്തെയും മനോഹര കാഴ്ചകള്‍ സമയത്തിനെ കുറിച്ചുള്ള ചിന്തകള്‍ തന്നെ മറപ്പിക്കുന്നു എന്നു തോന്നിപ്പോവും.
      ആനകളുടെ ആക്രമണത്തില്‍ നിന്നും കോട്ടയെ രക്ഷിക്കാനായി ഗേറ്റിന്റെ മുകളില്‍ കൂര്‍ത്ത കല്ലുകള്‍ കൊണ്ടലങ്കരിച്ചിട്ടുണ്ട്.
        ഗൊല്‍ക്കൊണ്ടായില്‍ നിന്നും ഹൈദരാബാദിലേക്കുള്ള പത്ത് കിലോമീറ്ററോളം ദൂരം വജ്രങ്ങളുടെയും  മുത്തുകളുടെയും രത്നങ്ങളുടെയും ആഭരണങ്ങളുടെയും പ്രശസ്തമായ് മാര്‍ക്കറ്റാണ്
(സാമ്പത്തിക ക്രമക്കേട് കാണിച്ച രാംദാസിനെ ഇവിടെയാണ് അടച്ചിട്ടത്, ഇപ്പോള്‍ ഇതു രാംദാസ് പ്രിസണ്‍ എന്നറിയപ്പെടുന്നു)
      
ഗൊല്‍ക്കൊണ്ടാ ഫോര്‍ട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആകര്‍ഷണം അതിലെ അത്ഭുതകരമായ ശബ്ദസംവിധാനങ്ങളാണ് പ്രവേശന കവാടത്തില്‍നിന്നും കൈകൊട്ടിയാല്‍ കുന്നിന്റെ മുകളില്‍ വരെ കേള്‍ക്കുമത്രെ!കൂടാതെ ഇതിന്റെ വെന്റിലേഷന്‍ ഡിസൈന്റെ പ്രത്യേകത കാരണം ചൂടുകാലത്തുപോലും ഉള്‍ഭാഗത്ത് തണുത്ത കാറ്റു ലഭിക്കും.

    (ഇവിടെ നിന്നും കൈകൊട്ടിയാല്‍ വളരെ അകലെ കുന്നിന്മുകളില്‍ വരെ കേള്‍ക്കുമത്രെ)
      ഇവിടെ (ഇംഗ്ലീഷ്, ഹിന്ദി, തെലുഗു ഭാഷകളിലായി) ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടക്കാറുണ്ട്.കോട്ടയുടെ സമ്പന്നമായ ഭൂതകാല ചരിത്രത്തിലേക്ക് ഇത് നമ്മെ കൂട്ടിക്കൊണ്ടു പോകും. ഫാക്റ്ററികള്‍, കൊട്ടാരങ്ങള്‍, ജലവിതരണ സംവിധാനങ്ങള്‍, പീരങ്കികള്‍ എന്നിവയൊക്കെയാണ് കോട്ടക്കുള്ളിലെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍.കുന്നിന്‍ മുകളില്‍ പോലും വെള്ളം ലഭിക്കത്തവിധത്തില്‍ പലയിടങ്ങളിലായി വലിയ കുളങ്ങള്‍ കാണാം (ചിലത് കാടുപിടിച്ചും ചവറുകളാലും മൂടപ്പെട്ടിട്ടുണ്ടെങ്കിലും)
























(കോട്ടക്കുള്ളില്‍ നിന്നും പുറത്തേക്കുള്ള ഒരു കാഴ്ച)

        ഖുതുബ് ഷാഹി രാജാക്കന്മരുടെ ശവകുടീരം ഫോര്‍ട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരെയായി സ്ഥിതിചെയ്യുന്നു. ഇസ്ലാമിക നിര്‍മ്മാണ രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ഇവിടെ പൂന്തോട്ടങ്ങളാലും മറ്റും മനോഹരമാക്കിയിട്ടുണ്ട്.


 (ഖുത്തുബ് ഷാഹി രാജാക്കന്മാരുടെ ശവകുടീരങ്ങള്‍)

അങ്ങനെ ചരിത്രമുറങ്ങുന്ന ഗോല്‍ഖൊണ്ടാ ഫോര്‍ട്ടും ഖൂലി രാജാക്കന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലങ്ങളും കണ്ട് മടക്കം....
 
 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com