ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















2011, നവംബർ 19, ശനിയാഴ്‌ച

റഗ്ബാ - ഒരു പഴയ അറേബ്യൻ പട്ടണത്തിലേക്കൊരു യാത്ര

(മർഖബ് ടവർ)
        
             പെരുന്നാൾ അവധിയിലെ അവസാന ദിനങ്ങളൊന്നിൽ എന്തു ചെയ്യും എന്ന ചിന്തയാണു വല്ല ട്രിപ്പുമാവാം എന്ന തീരുമാനത്തിലെത്തിച്ചത്. ഒരു ദിവസം കൊണ്ടു പോയി കാണാൻ പറ്റിയ സ്ഥലങ്ങളെ കുറിച്ചുള്ള ആലോചനകൾ നാട്ടുകാരൻ കൂടിയായ നൗഫൽക്കയുടെ വെബ്സൈറ്റിലെത്തിച്ചു(ഇവിടെ ക്ലിക്കു ചെയ്താൽ അദ്ദേഹത്തിന്റെ www.splendidarabia.com  എന്ന വെബ്സൈറ്റിലെത്താം .). അങ്ങനെയാണു ചരിത്രപരമായ പ്രത്യേകകളുള്ള റഗ്ബയിലേക്കാവാമെന്ന് തീരുമാനിച്ചത്.


               റിയാദിൽ നിന്നും 120 കിലോമീറ്ററോളമൂണ്ട് ഇവിടേക്ക്.  ഞങ്ങൾ അഞ്ചു വണ്ടികളിലായി കുറേ പേരുണ്ട്.അധികം ദൂരമൊന്നുമില്ലെങ്കിലും മലകൾക്കിടെയിലൂടെയും താഴ്വരയിലൂടെയുമൊക്കെയുള്ള യാത്ര ഒരു ദൂരയാത്രയുടെ പ്രതീതിയുണ്ടാക്കി. യാത്ര തുടങ്ങി അധികം വൈകാതെ തന്നെ അവിടെയെത്തി.  ഭക്ഷണമൊക്കെ വാങ്ങിയാണു വന്നത് എന്നതിനാൽ ആദ്യം തന്നെ ഭക്ഷണം കഴിക്കാനൊരുങ്ങി. നല്ല കാലാവസ്ഥയാണു. തണുപ്പു തുടങ്ങിയിട്ടില്ലാത്തതിനാൽ  ചൂടും തണുപ്പുമില്ല.  അവിടെ ഒരു മരത്തണലിലിരുന്ന് ഭക്ഷണം.
ശേഷം കാഴ്ചകളിലേക്ക്...


                    പഴയ കാലത്തെ വീടുകളിലേക്കാണു ആദ്യം പോയത്. ഇവിടെ മഴ അധികം ലഭിക്കുന്ന സ്ഥലമായതിനാൽ വളരെ കൃഷി നടന്നിരുന്ന സ്ഥലമാണത്രെ.ഇങ്ങോട്ടുള്ള യാത്രക്കിടയിൽ പലയിടങ്ങളിലും വശങ്ങളിൽ പല ഫാമുകളും കണ്ടിരുന്നു. അധികം മഴ പെയ്യുന്നതിനാൽ തന്നെ പഴയ കെട്ടിടങ്ങളൊക്കെ മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതൽ തകർന്നിട്ടുണ്ട്.


  ആദ്യം കയറിയ വീട്ടിൽ തന്നെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ ഒരു കിണർ, അതും  വെള്ളമുള്ളത്! സൗദിയിൽ പഴയകാലത്തു ഉപയോഗിച്ചിരുന്ന കിണർ ചില ഫാമുകളിൽ കണ്ടിട്ടുണ്ട്. പക്ഷെ അതിലൊന്നും ഇപ്പോ വെള്ളം കാണില്ലെന്നു മാത്രമല്ല, വളരെ ആഴമുള്ളവയുമായിരിക്കും. ഇതു വളരെ ആഴം കുറഞ്ഞ നാട്ടിലെ കിണർ പോലെയുള്ളവ.  അതു കഴിഞ്ഞു അടുത്ത കെട്ടിടത്തിലും ഇതു പോലെ മറ്റൊരു കിണർ. മണ്ണും കല്ലുമുപയോഗിച്ചുണ്ടാക്കിയ ഇത്തരം പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽകൂടി നടന്നപ്പോൾ കുറച്ചു സമയം കൊണ്ടു തന്നെ ഇതുപോലുള്ള നാലു കിണറുകൾ ഞങ്ങൾ കണ്ടു


(കിണറുകളിൽ പലതും ഇതുപോലെ നശിക്കാതെ കിടക്കുന്നു..)


(കിണറിലേക്കൊരു എത്തിനോട്ടം)




             ഇതുപോലെ ഇഷ്ടമ്പോലെ ചെറിയ വീടൂകൾ അപ്പുറത്തുമിപ്പുറത്തുമായി കാണാനുണ്ട്. പിന്നെ ഞങ്ങൾ പോയത്  അവിടെയുള്ള കോട്ടക്കുള്ളിലെ കാഴ്ചകളിലേക്കാണ്.



              ചരിത്രപരമായി 1669- ൽ സ്ഥാപിതമായ റഗ്ബക്ക് പ്രത്യേകതകളുണ്ട്.നജ്ദിൽ ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ "the call for returning to the basics of Islam" എന്ന പ്രസ്ഥാനത്തെ പിന്തുണക്കാനുള്ള ഇമാം മുഹമ്മെദ് ഇബ്നു സൗദിന്റെ പ്രഖ്യാപനമാണു ഇവിടെയുള്ള ചരിത്രപരമായ പ്രധാന സംഭവവികാസങ്ങൾക്കെല്ലാം കാരണമായതത്രെ. ഈ പ്രസ്ഥാനത്തെ റഗ്ബായിലെ ജനങ്ങൾ പിന്തുണച്ചു, അന്ധവിശ്വാസത്തിലും അനിസ്ലാമികമായ കാര്യങ്ങളുമായ കഴിഞ്ഞിരുന്നവരായിരുന്നു നജ്ദിലെ ജനങ്ങളിൽ മുഖ്യ പങ്കും.   1971-ൽ സദർ , അൽ വശം അൽ സുഫാരി എന്നീ ഭാഗങ്ങളിലുള്ളവർ റഗ്ബയിലുള്ളവരെ ഉപരോധിക്കുകയും അവരിൽ നിന്ന് വിലപ്പിടിപ്പുള്ള സാധങ്ങളും മറ്റും കൈവശപ്പെടുത്തുകയും ചെയ്തു. കുടെയുള്ളവരിൽ ചിലരും ഒറ്റിക്കൊടുത്തെങ്കിലും ദൈവാനുഗ്രഹത്താൽ മാത്രം രക്തച്ചൊരിച്ചിൽ നിന്നും അവർ രക്ഷപ്പെട്ടു.


                    ഇബ്രാഹിം പാഷയുടെ നേതൃത്വത്തിൽ നടന്ന തുർക്കികളുടെ നജ്ദ് ആക്രമണത്തിലാണു (Invasion of Nejd) റഗ്ബയിലെ കോട്ടകൾ തകർന്നതത്രെ.








(അതി മനോഹരമായി മണ്ണും കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടങ്ങൾ)


 

അൽതാലീ മസ്ജിദ്. മനോഹരമായ  മറ്റൊരു നിർമ്മിതി.



(മസ്ജിദിനു മുകളിലേക്ക് കോണിപ്പടിയും ഏറ്റവും മുകളിലേക്ക് കയറാൻ spiral staircase ഉം ഉണ്ട്)



(പള്ളിയുടെ താഴെനിന്നും ഒരു ഫോട്ടോ..)




(ഒരു മുറിക്കുള്ളിലെ അലങ്കാരങ്ങൾ)


           പള്ളിയുടെ താഴെയായി ഭൂമിക്കടിൽ ഒരു പ്രാർത്ഥനാ ഹാൾ വേറെയുമുണ്ട്.
 ഇവിടെയുള്ള കാഴ്ചകളിൽ ഏറ്റവും രസകരമായത് മർഖബ് ടവർ എന്നറിയപ്പെടുന്ന നിരീക്ഷണ ഗോപുരമാണ്. 22 മീറ്ററോളം ഉയരമുള്ള , മറ്റു കെട്ടിടങ്ങളെ പോലെതന്നെ മണ്ണും കല്ലുമുപയോഗിച്ചുണ്ടാക്കിയ ടവറിന്റെ ഉള്ളിലൂടെ മുകൾ ഭാഗം വരെ കയറാം. ആറു ഭാഗങ്ങളായിട്ടാണു ടവർ നിർമ്മിച്ചതെന്നു കാണാം. മുകളിൽ ഒരു മീറ്ററിൽ താഴെ മാത്രമെ വ്യാസമുള്ളൂ. 2 പേർക്ക് കഷ്ടിച്ചു നിൽക്കാനുള്ള സ്ഥലമേ മുകളിലുള്ളൂ. മുകളിലേക്കുള്ള കയറ്റവും അവിടെ നിന്നുള്ള കാഴ്ചയും ആവേശകരമാണു. മുകളിൽ നിൽക്കുമ്പോൾ കാറ്റിനാൽ ടവർ മെല്ലെ ആടുന്നുണ്ടോ എന്നു തോന്നും.


           കുറേ പേർ ടവറിനു മുകളിൽ കയറിയപ്പോഴെക്കും രാത്രിയായിക്കഴിഞ്ഞു. വിശാലമായി കിടക്കുന്ന ഇവിടം മുഴുവനായി കാണാൻ കുറേ സമയവും ഒരു ഫോർ വീൽ വണ്ടിയും വേണമെന്നാണു നൗഫൽക്കയിൽ നിന്നും അറിഞ്ഞത്. പറ്റുമെങ്കിൽ ഒരിക്കൽകൂടിയാകാമെന്ന ആഗ്രഹവുമായി മടക്കം......



 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com