ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

ഇന്ത്യൻ നയാഗ്ര, ആതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക്...




     ആതിരപ്പിള്ളി വെള്ളച്ചാട്ടം ചിത്രത്തിലോ പാട്ടുകളിലെങ്കിലും കാണാത്തവർ ചുരുക്കമായിരിക്കും. കാരണം സൂപ്പർ ഹിറ്റുകളായ പല പാട്ടുകളിലും സിനിമകളിലും  കാഴചകൾ എത്രയോ തവണ ആസ്വദിച്ചവരാണു നമ്മളെല്ലാവരും.
   പയ്യയിലെ അടടാ മഴയും, രാവണൻ, ഗുരു, ഇരുവർ, ദിൽസേ …. ഇങ്ങനെ നീളുന്നു നിര
   ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക്  രണ്ടാമത്തെ പ്രാവശ്യമാണു ഞാൻ പോകുന്നത്. നാട്ടിൽ നിന്നും   165 കിലോമീറ്റർ ദൂരമാണു യാത്ര. അതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു. ഞാനും സുഹൃത്തായ മീർഷമീറും   ഞങ്ങളുടെ ഭാര്യമാരുമാണു കൂടെയുള്ളത്. സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയെക്കാളും എളുപ്പമാണു കുടുംബത്തോടൊപ്പമുള്ള യാത്ര പ്ലാൻ ചെയ്യാൻ. അല്ലെങ്കിൽ 4 പേരുടെയെങ്കിലും സമയവും സൗകര്യവും ഒക്കെ നോക്കി ശരിയായി വരാൻ കുറച്ചു ബുദ്ധിമുട്ടാണു.

      കഴിയുന്നതും നേരത്തെ പുറപ്പെട്ടു റോഡു തിരക്കാവുന്നതിനു മുൻപ് അവിടെ എത്താനാണു പരിപാടി. പക്ഷെ പെട്രോളിന്റെ കാര്യത്തിൽ ചെറിയ അബദ്ധം പറ്റി.  24 മണിക്കൂറും പെട്രോൾ പമ്പ് തുറക്കും എന്ന് പ്രതീക്ഷയിൽ പെട്രോൾ അടിച്ചിട്ടില്ലായിരുന്നുപോകുന്ന വഴിയിൽ കണ്ട പെട്രോൾ പമ്പുകളെല്ലാം ഇരുളിലാണു.  25 കിലോമീറ്റർ ഓടിക്കഴിഞ്ഞു കണ്ട പെട്രോൾ പമ്പ് അല്പം കഴിഞ്ഞാൽ തുറക്കും എന്നറിഞ്ഞതിനാൽ അവിടെ  അര മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു

      ഒരു ചായയൊക്കെ കുടിച്ച സമയം അഡ്ജസ്റ്റ് ചെയ്തു ഞങ്ങൾ യാത്ര തിരിച്ചു. രാവിലെ അധികം വൈകാതെ തന്നെ ഞങ്ങൾ തൃശൂരെത്തി. അവിടെ നിന്നും വഴിചോദിച്ചു വീണ്ടും യാത്ര തുടർന്നു. ഇനിയും 60 കിലോമീറ്ററോളം ദൂരമുണ്ട്.

     കുറേ കൂടി യാത്ര ചെയ്തപ്പോൾ ആതിരപ്പിള്ളിയുടെയും അതിനടുത്തുള്ള സിൽവർ സ്റ്റോം, ഡ്രീം വേൾഡ് എന്നീ വാട്ടർ തീം പാർക്കുകളുടെയും സൂചന നൽകുന്ന ബോർഡുകൾ കണ്ടു. സമയം ഏകദേശം 8 മണി കഴിഞ്ഞു. പ്രഭാത ഭക്ഷണത്തിനുള്ള വിശപ്പു ചെറുതായി തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി ഹോട്ടൽ നോക്കിയാണു യാത്ര . വെള്ളച്ചാട്ടം എത്തുന്നതിനു മുൻപായി ഒരു ചെറിയ ഹോട്ടൽ കണ്ടു. പിന്നെ അധികം ആലോചിക്കാൻ നിൽക്കാതെ വണ്ടി നിർത്തി. അവിടെ നിന്നും ഞങ്ങൾ വെള്ളയപ്പം കഴിച്ചു. യാത്ര തുടർന്നു.
     കൺകുളിർമ്മയുള്ള കാഴചകളാണു റോഡിനിരുവശവുംകാഴചകൾ കണ്ടു പതുക്കെ ഞങ്ങൾ യാത്ര തുടർന്നുവെള്ളച്ചാട്ടത്തിനടുത്തെത്താനാവുമ്പോൾ റോഡിനു വശത്തായി കാണുന്ന കൃഷിയിടങ്ങൾ കൗതുകകരമായി തോന്നി. ഈന്തപ്പനകളെ പോലെ കാണുന്ന ഇവ എണ്ണപ്പനകളാണു. ഇവയുടെ  കൃഷി കേരളത്തിൽ വേറെ വല്ലയിടത്തുമുണ്ടോ ആവോ
 
      വെള്ളച്ചാട്ടത്തിന്റെ  അടുത്തെത്തി, അവിടെ വണ്ടി പാർക്കു ചെയ്തു. ടിക്കറ്റെടുത്ത് ഉള്ളിലേക്ക്. വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ഭംഗിയായി വഴി ഒരുക്കിയിട്ടുണ്ട്അവിടവിടായി ഇഷ്ടംപോലെ കുരങ്ങൻമാരെ കാണാനുണ്ട്. കുറച്ചു കൂടി അടുത്തെത്തിയപ്പോ വഴിയിൽ ഒരു മാൻതീരെ ഭയമില്ലാതെ വഴിയരികിൽ നിന്ന അതിനെ കുറച്ചു സമയം നോക്കിനിന്നു കുറച്ചു ഫോട്ടോയും എടുത്തപ്പോഴേക്കും അതു കാട്ടിനുള്ളിലേക്കു നീങ്ങി. ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തേക്കും.....


       ( വഴിയരികിൽ കണ്ട കേഴമാൻ)




( ഇഷടമ്പോലെ കുരങ്ങന്മാരുമുണ്ട് )




    ആനമുടി മലകളിൽ നിന്നും തുടങ്ങി വാഴച്ചാൽ കാടുകളിലൂടെ ഒഴുകിവരുന്ന ചാലക്കുടി പുഴയിലാണീ ആതിരപ്പിള്ളി വെള്ളച്ചാട്ടംശാന്തമായി വരുന്ന ചാലക്കുടിപ്പുഴ മൂന്നായി പിരിഞ്ഞു ശകതമായ വെള്ളച്ചാട്ടമായി 24 മീറ്ററോളം താഴെക്ക് പതിക്കുന്നു!.. അതിമനോഹരമായ കാഴ്ച കാണാൻ  അധികം ആളുകളെയൊന്നും കാണാനില്ല. ഒരു പക്ഷെ രാവിലെയായതിനാലായിരിക്കും. വെള്ളത്തിലേക്കിറങ്ങാൻ അവിടെ കയറു കെട്ടി പരിധി നിർണ്ണയിച്ചിട്ടുണ്ട്. കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവഴിച്ചു. അവിടെ വെള്ളച്ചാട്ടത്തിന്റെ താഴേക്കു പോകാൻ സൗകര്യം ഉണ്ട്. മുകളിൽ നിന്നും കാണുന്നതിനേക്കാൾ നന്നായി വെള്ളച്ചാട്ടം ആസ്വദിക്കാൻ താഴെ നിന്നും പറ്റും. പിന്നെ ഞങ്ങൾ താഴേക്കു ഇറങ്ങി. കുത്തനെയുള്ള ഇറക്കമാണു. ഇടക്ക് വിശ്രമിക്കാൻ വേണ്ടി മുളകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളുമുണ്ട്
ഒരു തമിഴ കുടുംബം താഴെ നിന്നും മുകളിലേക്ക് കിതച്ചു കിതച്ചു വരുന്നുണ്ട്താഴേക്കുള്ള വഴിയും ഭംഗിയാക്കിയിട്ടുണ്ട്. പലതരം പക്ഷികളുടെയും ശബ്ദം കേൾക്കുന്നുണ്ട്, ചിലവയെ കാണുകയും ചെയ്യാം. താഴെയെത്തിയാൽ വിശാലമായ കാഴ്ചയുടെ ലോകമാണു നമ്മെ കാത്തു നിൽക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള കാഴ്ച അതിമനോഹരമാണു. പാറക്കെട്ടിലൂടെ നടന്നു നമുക്കു കുറേ അടുത്തു വരെ പോകാം. വെള്ളച്ചാട്ടത്തിനു ശേഷം പിന്നെ വെള്ളം പാറക്കെട്ടിലൂടെ താഴേക്ക് ഒഴുകിപോകുന്നു. വെള്ളം താഴേക്ക് പതിക്കുമ്പോൾ അതു നീർത്തുള്ളികളായി കാറ്റിൽ തെറിക്കുന്ന കാഴ്ച മനം കുളിർപ്പിക്കുന്നതാണു. കൂടാതെ വെള്ളം താഴേക്ക് ഒഴുകിപ്പോകുന്നത് താഴെയുള്ള മുളം കൂട്ടങ്ങൾക്കിടയിലൂടെ ചെറിയ കൈവഴികൾ പോകുന്നതും അഴകേറിയ കാഴ്ചകളാണു. അവയെല്ലാം ആസ്വദിച്ചും ഫോട്ടോകളെടുത്തും ഞങ്ങൾ കുറേ സമയമവിടെ കഴിച്ചു കൂട്ടി.




(ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ)


        പിന്നെ  അടുത്ത ലക്ഷ്യത്തിലേക്ക്ആതിരപ്പിള്ളിയിൽ നിന്നും വെറും 5 കിലോമീറ്ററോളം മാത്രമേ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ളൂ. വാഴച്ചാലിലേക്കുള്ള യാത്രക്കിടയിൽ കാണാൻ കഴിയുന്ന മറ്റൊരു മനോഹര കാഴ്ചയാണു ചേർപ്പ വെള്ളച്ചാട്ടം. റോഡിൽ നിന്നു തന്നെ കാണാൻ കഴിയുന്ന ചേർപ്പ വെള്ളച്ചാട്ടത്തിൽ അധിക സമയം ചിലവഴിക്കാതെ ഞങ്ങൾ വാഴച്ചാലിലെത്തി.


(ചേർപ്പ വെള്ളച്ചാട്ടം)
      
       അവിടെ നിന്നും ഓരോ ഗ്ലാസ് ജൂസും കുടിച്ച് ഞങ്ങൾ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് പുറപ്പെട്ടു. വാഴച്ചാൽ കാട്ടിലൂടെയുള്ള റോഡ് വെള്ളച്ചാട്ടം വരെയെ തുറന്നിട്ടുള്ളൂ. പിന്നെ അങ്ങോട്ടു പോകാൻ ഫോറസ്റ്റ് ഗാർഡുകളിൽ നിന്നും അനുവാദം വേണം. ഇതിലൂടെയുള്ള വാൾപാറയിലേക്കുള്ള യാത്ര കുറേ കേട്ടതും ആഗ്രഹമുള്ളതുമാണു. ഏതായാലും ഞങ്ങൾ അവിടെ വണ്ടി നിർത്തി. ആതിരപ്പിള്ളിയിൽ നിന്നും എടുത്ത ടിക്കെറ്റിൽ തന്നെ മതി ഇവിടെയും.  ആതിരപ്പിള്ളിയിൽ നിന്നും ഭിന്നമായി വാഴച്ചാൽ വെള്ളച്ചാട്ടത്തിൽ പരന്നു സുന്ദരമായി ഹിമവർണ്ണത്തിൽ ഒഴുകുന്ന വെള്ളത്തിന്റെ കാഴ്ച സുന്ദരമാണു. വെള്ളച്ചാട്ടത്തിന്റെയും പുഴയുടെയും സൗന്ദര്യം ആസ്വദിക്കാവുന്ന രൂപത്തിൽ   നിർമ്മിച്ച പാർക്കിൽ ഞങ്ങൾ കുറേ സമയം ചിലവഴിച്ചു.






 (വാഴച്ചാൽ വെള്ളച്ചാട്ടത്തിൽ നിന്നുള്ള കാഴ്ചകൾ )

      തൃശൂരിലെ കാഴ്ചകൾ മതിയാക്കി ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് തിരിച്ചു , എറണാക്കുളത്തേക്ക്.......


2012, ജൂൺ 12, ചൊവ്വാഴ്ച

മരുഭൂമിയുടെ ഉൾക്കാട്ടിലേക്ക് - ദഹന ഡെസെർട്ട്




     


  “I have always loved the desert. One sits down on a desert sand dune, sees nothing, hears nothing. Yet through the silence something throbs, and gleams...”
― Antoine de Saint-Exupéry, The Little Prince





                    ഞങ്ങളുടെ ഈ യാത്ര മരുഭൂമിയിലേക്കാണു.
വ്യാഴാഴ്ച ഉച്ചക്ക് ഞങ്ങൾ യാത്ര തുടങ്ങി. റിയാദിൽ നിന്നും 100 കിലോമീറ്ററോളം ദൂരെയുള്ള റൗദത്ത് ഖുരീം വഴിയാണു യാത്ര.  വഴിയിൽ ഒരു പെട്രോൾ പമ്പിലാണു എല്ലാവരും ഒത്തു കൂടാൻ തീരുമാനിച്ചിരിക്കുന്നത്.  ആദ്യം വഴിയിലെ ഒരു സൂപ്പർ മാർക്കെറ്റിൽ നിന്നും വെള്ളവും ഭക്ഷണം തയ്യാറാക്കാനുള്ള സാധനങ്ങളുമൊക്കെ വാങ്ങി എല്ലാവരും കൂടി യാത്ര തുടങ്ങി.


       അധികം വൈകാതെ റൗദത്ത് ഖുറീമിലെത്തി.ഇവിടെ ഞാൻ മുമ്പും വന്നിട്ടുണ്ട്.  അത്യാവശ്യം മഴ ലഭിക്കുന്ന വർഷങ്ങളിൽ പൂർണ്ണമായും പച്ച പുതച്ചു കിടക്കുന്നതും പൂക്കളാലും മറ്റും  വളരെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന് സ്ഥലമാണിത്. പക്ഷെ ഈ വർഷങ്ങളിൽ മഴ കുറവായതിനാൽ അതിന്റെ പൂർണ്ണ സൗന്ദര്യത്തിലേക്ക് റൗദത്ത് ഖുറീം എത്തിയിട്ടില്ല. എങ്കിലും പ്രകൃത്യാലുണ്ടാക്കുന്ന ചെറിയ മരങ്ങളുടെയും ചെടികളുടെയും സൗന്ദര്യം നുണയാൻ ഇവിടെ കാമ്പ് ചെയ്യാനും കാണാനുമൊക്കെയായി വളരെ ആളുകൾ എത്തിയിട്ടുണ്ട്.

               പക്ഷെ ഞങ്ങളൂടെ ലക്ഷ്യം ഇനിയും അകലെയാണു.  പച്ചപ്പിലൂടെ കുറച്ചു സമയം കൂടി യാത്ര തുടർന്നു. ഇവിടെ നിന്ന് പെട്ടന്ന് മരുഭൂമി തുടങ്ങുകയാണു. പച്ചപ്പിന്റെയൊ ചെടികളുടെയോ കാഴ്ചകൾ ഇനിയങ്ങോട്ടു അപൂർവ്വ കാഴ്ചകളായിരിക്കും.

                   അതി മനോഹരമായ ചുവന്ന മണൽ കൂനകൾ. സൗന്ദര്യവും അതിനൊപ്പം അപകടകരവുമായ  ഇത്തരം മണൽ കൂനകളിലൂടെയാണു ഇനിയുള്ള യാത്ര മുഴുവൻ. 
നാലു ഫോർ വീൽ  ഡ്രൈവ് കാറുകളിലാണു ഞങ്ങൾ  13 പേർ.  ആദ്യം തന്നെ വണ്ടികളിലെ  ടയറിലെ പ്രെഷർ കുറച്ചു മണലിലൂടെ യാത്ര ചെയ്യാവുന്ന രീതിയിലാക്കി.


           യാത്ര തുടർന്നു, അല്ലെങ്കിൽ തുടങ്ങി എന്നു പറയാം.  ചെറുതും വലുതുമായ മണൽ കുന്നുകളിലൂടെ (Sand Dunes ) പതുക്കെ പതുക്കെ.......
             മരുഭൂമിയിലൂടെയുള്ള ഡ്രൈവിംഗ് സാധാരണപോലെയല്ല . മരുഭൂമിയിലൂടെ വണ്ടിയോടിച്ചു പരിചയമായവർ വളരെ രസകരമായി ഓടിക്കും.  ഇടക്കിടക്ക് കയറ്റങ്ങളിലും മറ്റും പലപ്പോഴും വണ്ടി കുടുങ്ങി. ഏതു വണ്ടി നിന്നാലും മിക്കപ്പോഴും എല്ലാവരുടേയും സഹായം കൊണ്ടേ അവിടെ നിന്നും രക്ഷപ്പെടാൻ കഴിയുന്നുള്ളൂ.. കുറച്ചു പ്രാവശ്യം മറ്റു കാറിൽ കെട്ടി വലിച്ചു കയറ്റേണ്ടിയും വന്നു.





                കുറേ ദൂരം വിശാലമായ മരുഭൂമിയിലൂടെ യാത്ര ചെയ്ത ശേഷം രാത്രി കേമ്പ് ചെയ്യാൻ സൗകര്യമുള്ള ഒരു സ്ഥലത്ത് നിർത്തി.  സമയം ഏകദേശം ഇരുട്ടിത്തുടങ്ങിയിട്ടൂണ്ട്. സമയം പൂർണ്ണമായും ഇരുട്ടുന്നതിനു മുൻപു തന്നെ ടെന്റ് കെട്ടി.
            യാത്ര തുടരുന്നതിനു മുമ്പ് ഒരു മുഴുവൻ രാത്രി ബാക്കിയുണ്ട്.  ഭക്ഷണം റൊട്ടിയും (ഖുബ്സ്) കോഴിചുട്ടതുമാണു തീരുമാനിച്ചിരുന്നത്. അധികം തണുപ്പൊന്നുമില്ല, എങ്കിലും ഭക്ഷണം പാകം ചെയ്യാനും മറ്റും തീ കൂട്ടാനായി കുറച്ചു പേർ വിറക് തേടിപ്പോയി.    താഴ്ന്നയിടങ്ങളിൽ നിന്നും ലഭിച്ച  ഉണങ്ങിയ ചില ചെടികളും പിന്നെ കരിയും ഒക്കെ ഉപയോഗിച്ച്  കോഴി ചുടലാരംഭിച്ചു. അതൊടൊപ്പം ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു..
 ഞാൻ ഇവരുടെ കൂടെ ആദ്യമായാണു വരുന്നത്, യാത്ര ക്കിടയിൽ പല വണ്ടികളിലായതിനാൽ എല്ലാരും ഒരുമിച്ചു കൂടുന്നത് ഇപ്പോഴാണു. നാട്ടിൽ നിന്നുള്ള 3  പേരൊഴിച്ച് (നൗഫൽ, സനോജ്, ഷാഹിദ് ഇരുവേറ്റി)ബാക്കിയുള്ളവരെല്ലം എന്നെ സംബന്ധിച്ച് പുതിയവരാണു.  മരുഭൂമിയിലെ ശാന്തതയിൽ ചായയും കുടിച്ച് കോഴി വേവുന്നതു വരെ  സല്ലാപം....


                 മരുഭൂമിഹ്ടെ നിശ്ശബ്ദതയെ ഭേതിക്കുന്നത് സുഖകരമായ  ഇളം കാറ്റുമാത്രം.. ഞങ്ങളുടെയല്ലാതെ വേറെ ഒരു ജീവികളുടെയോ യന്ത്രങ്ങളൂടെയോ ശബ്ദം കേൾക്കാനില്ല.  ചുവന്ന മണൽ തരികളാലുണ്ടാകുന്ന ചെറിയ ചെറിയ കുന്നുകൾ.കണങ്കാൽ വരെ  പൂഴ്ന്നു പോകുന്ന മണലിലൂടെ  നടന്നു അതിനു മുകളിൽ പോയിരുന്നാൽ നോക്കെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണൽ കൂനകൾ! ഒരേ വലുപ്പത്തിലുള്ള ചെറിയ മൺതരികൾ കാണുമ്പോൾ  അരോ മണൽ ഒരേ വലിപ്പത്തിൽ തരിച്ചെടുത്ത് വൃത്തിയാക്കി  കൂട്ടിയിട്ടതുപോലെ...


              ഭക്ഷണ ശേഷം ഞങ്ങൾ ടെന്റിനുള്ളിലേക്ക് പോയി.  തണുത്ത കാറ്റ് അഅധികരിക്കുന്നുണ്ട്.  .  കുറേ സമയം കൂടി കഴിഞ്ഞതിനു ശേഷം എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. കുറച്ചു പേർ ടെന്റിലും ബാക്കിയുള്ളവർ വണ്ടിയിലെ സീറ്റ് നിവർത്തിയിട്ടു അതിലുമായി കിടന്നു.  മരുക്കാട്ടിലെ കാറ്റിന്റെ ശബ്ദത്തിന്റെയും തണുപ്പിന്റെയും തലോടലിൽ സ്ലീപിംഗ് ബാഗിന്റെ ചൂടിൽ സുഖമായൊന്നുറങ്ങി.


            രാവിലെ ചുട്ട പഴവും ബ്രെഡും ജാമും തേനും ചീസുമൊക്കെയായി ലഘുഭക്ഷണം കഴിച്ച് യാത്ര തുടർന്നു.


              പ്രാഥമിക കർമ്മങ്ങൾ വിശാലമായ സൗകര്യങ്ങലോടെ തന്നെ! എത്ര കുറച്ചു വെള്ളം മതി നമ്മുടെ ആവശ്യങ്ങൾക്കെന്നത് അനുഭവിച്ചറിഞ്ഞ കാര്യമായിരുന്നു.  ഇവിടെ നിന്നും വെള്ളം ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ ദൗർലഭ്യത്തെക്കാളും മനസ്സിലേക്കു വന്നത്  സാധാരണ എത്രവെള്ളമാണു നമ്മൾ പാഴാക്കിക്കളയുന്നതെന്ന ചിന്തയാണു.
         
                അനന്തതയിലേക്കു പരന്നുകിടക്കുന്ന മരുഭൂവിലൂടെ  പുതിയ കാഴ്ചകൾ കണ്ടു വരിവരിയായി യാത്ര തുടർന്നു.
ചിലയിടങ്ങളിൽ  വളരെ ദൂരം അധികം കയറ്റിറക്കങ്ങളില്ലാതെ, ചിലയിടങ്ങളിൽ കൂടുതൽ പൂഴ്ന്നുപോകുന്ന തരം മണലാണു. അത്തരം സ്ഥലങ്ങളിൽ വണ്ടി സ്പീഡ് കുറഞ്ഞാൽ തന്നെ അവിടെ കുടുങ്ങും. പിന്നെ മറ്റുള്ളവരുടെ സഹായമില്ലാതെ രക്ഷയില്ല. GPS അല്ലാതെ വഴിയറിയാൻ വേറെ മാർഗ്ഗങ്ങളോ  ട്രാക്കുകളോ അടയാളങ്ങളോ ഒന്നുമില്ല .  നമ്മൾ കടന്നുപോകുന്ന ട്രാക്ക് കുറച്ചു സമയത്തിനുള്ളീൽ തന്നെ കാറ്റു മായ്ച്ചു കളഞ്ഞു പഴയപോലെ ആക്കിയിരിക്കും.



              യാത്രക്കിടയിൽ ഞങ്ങൾ അധികം ജീവികളെ യൊന്നും  കണ്ടില്ല, മരുഭൂമിയിൽ ജീവിക്കുന്ന ജീവികളെകുറിച്ച് വായിച്ചതും കേട്ടറിഞ്ഞതുമെല്ലാം വെച്ചു എന്തിനെയെങ്കിലും ഒന്നു കാണാൻ ആഗ്രഹമുണ്ട്.


                 പെട്ടന്നു മുന്നിലെ വണ്ടി സ്പീഡ് കുറച്ചതു കണ്ടപ്പോഴാണുൊരു പക്ഷിയെ കണ്ടത്. മരുഭൂമിയിൽ കാണപ്പെടുന്ന മൂങ്ങയാണത്രെ ഇത്.


             കുറെ ദൂരം കൂടി യാത്രചെയ്തപ്പോൾ കുറച്ചു ഒട്ടകങ്ങളെ ക്ണ്ടു, അല്പം കൂടി മുന്നോട്ടു പോയപ്പോൾ   ഇവയുടെ ഉടമസ്ഥരെയും .





                   ഇവർ (തലക്കെട്ടു ധരിച്ചവർ) ഇവിടെ ജീവിക്കുന്നവരാണു,ചെറുപ്പകാരായ രണ്ടു തോപ്പു ധരിച്ചവർ ഒട്ടകങ്ങളുടെ ഉടമസഥരും  ചുവന്ന കോട്ടു ധരിച്ചയാൾ(ഏതോ ആഫ്രിക്കൻ രാജ്യക്കരനാണു )  ഒട്ടകങ്ങളെ നോക്കുന്നവനുമാണു. ഈ മരുഭൂമിയിലാണു അവരുടെ ജീവിതം, വെള്ളിയാഴ്ചകളിലോ അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ ദിവസം കൊണ്ടുവരുന്ന റൊട്ടിയും സാധനങ്ങളുമുപയോഗിച്ചാണു ഇവരെപോലുള്ളവർക്ക് ബാക്കി ദിവസങ്ങൾ തള്ളി നീക്കാൻ." ആടു ജീവിത " ത്തിലും മറ്റും കേട്ടറിഞ്ഞ ഹതഭാഗ്യർ ഇവരെ പോലുള്ളവരായിരിക്കും... അവർ അപ്പോ കറന്നെടുന്ന ഒട്ടകപ്പാലുമായിട്ടു നിൽക്കുന്ന സമയത്താണു ഞങ്ങൾ അവിടെ എത്തിയത്. അതിനാൽ ഞങ്ങൾക്കും അവർ ഒരു വലിയ പാത്രത്തിൽ കുറച്ചു പാലുതന്നു. 


               അവരോടൊത്ത് കുറച്ചു സ്മയം ചിലവഴിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു. അടുത്ത റോഡിലേക്ക് ഇനി അധികം ദൂരമില്ല എന്നു മാപ്പിൽ കാണിക്കുന്നുണ്ട്.  റോഡിലെത്തിയ ശേഷം വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളിയിലേക്ക് വിട്ടു.  അങ്ങനെ വളരെ യാത്രചെയ്തു പരിചയമുള്ള ആളുകളോടൊപ്പം ഒരു അനുഭവസമ്പന്നമായ  മരുഭൂയാത്രയും കഴിഞ്ഞു മടക്കം...  പലപ്പോഴും പലയാത്രയിലും റോഡിനിരുവശവുമായി കാണുന്ന  മരുഭൂമിയുടെ കാഴ്ചകൾ മനസ്സിനെ വല്ലാതെ  മോഹിപ്പിച്ചിരുന്നു. അതിനെ ഉൾനിറഞ്ഞു കാണാൻ കഴിഞ്ഞുവെന്ന സന്തോഷത്തോടെ.....


നന്ദി

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com